
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ആത്മഹത്യാഭീഷണി വരെ മുഴക്കി മുൻപന്തിയിൽ നിന്ന കെ.കെ. റിജുവിന്റെ പോരാട്ടമെല്ലാം ഭാര്യ സനൂജയ്ക്ക് വേണ്ടിയായിരുന്നു. റാങ്ക് ലിസ്റ്റിൽ തന്റെ പേരില്ലെങ്കിലും പേരുള്ള ഭാര്യയ്ക്ക് വേണ്ടി സമരത്തിനിറങ്ങി വിജയം കണ്ടിരിക്കുകയാണിപ്പോൾ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി പാലക്കാട് സ്വദേശിയായ റിജു.
വയനാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ സനൂജ 259-ാം റാങ്കുകാരിയാണ്. 4ഉം 9ഉം വയസുള്ള രണ്ട് പെൺകുട്ടികളാണിവർക്ക്. കുട്ടികളുടെ കാര്യം നോക്കേണ്ടതുള്ളതിനാൽ ഭാര്യയ്ക്ക് സമരത്തിന് വരാൻ പറ്റാത്ത സാഹചര്യമായതിനാലാണ് റിജു തിരുവനന്തപുരത്തെത്തിയത്. 34 ദിവസത്തെ സമരത്തിൽ 26 ദിവസം പങ്കെടുത്തു. 6 ദിവസം നിരാഹാരവും അനുഷ്ഠിച്ചു. റാങ്ക് ഹോൾഡേഴ്സിന്റെ പ്രധാന പ്രതിനിധിയായി സർക്കാർ ഉദ്യോഗസ്ഥതല ചർച്ചകളിൽ പങ്കെടുത്തു.റിജു റാങ്ക് ലിസ്റ്റിൽ ഇല്ലാത്തയാളാണെന്നും സമരത്തിൽ നുഴഞ്ഞ് കയറി സർക്കാരിനെതിരെ പ്രവർത്തിക്കുകയാണെന്ന വിമർശനവും സൈബർ ആക്രമണവും വന്നതോടെയാണ് ഭാര്യയ്ക്ക് വേണ്ടിയാണ് താൻസമരം ചെയ്യുന്നതെന്ന് തുറന്ന് പറഞ്ഞത്. ബി.കോം ബിരുധദാരിയായ റിജു രണ്ട് വിഷയങ്ങളിൽ പി.ജി പഠനത്തിലാണ്.6 ലിസ്റ്റുകളിൽ എത്തിയിട്ടുണ്ട്. പി.എസ്.സി എഴുതുവാനുള്ള പ്രായം കഴിഞ്ഞു. ചിറ്റൂരിൽ കോമൺ സർവീസ് സെന്റർ എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ. റാങ്ക് ലിസ്റ്റിൽ എത്തുന്നവർക്ക് നിയമനം ലഭിക്കാത്തതിന്റെ പ്രധാന കാരണം പിൻവാതിൽ നിയമങ്ങളാണ്.ഇത് തിരുത്തണം.വരുംതലമുറയ്ക്കും ഈ സമരങ്ങൾ പ്രയോജനപ്പെടും- റിജു പറഞ്ഞു.