manmohan

തിരുവനന്തപുരം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെലവപ്‌മെന്റ് സ്റ്റഡീസ് (ആർ.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന 'പ്രതീക്ഷ 2030 വികസന സമ്മിറ്റ്' ഉദ്ഘാടനം നാളെ ഹൈസിന്ത് ഹോട്ടലിൽ രാവിലെ 11 ന് മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ഓൺലൈനായി നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ 'കേരള വികസന രേഖ' പ്രകാശനം ചെയ്യും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി അഭിസംബോധന ചെയ്യും.

സമ്മിറ്റ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ്സെക്രട്ടറിയും സമ്മിറ്റ് സെക്രട്ടറി ജനറലുമായ ജിജി തോംസൺ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ബി.എ. പ്രകാശ്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.ഷിജു എന്നിവർ സംസാരിക്കും.
അഞ്ച് ഘട്ടങ്ങൾ നീണ്ട കൺസൾട്ടേഷന്റെ സമാപനമാണ് 'പ്രതീക്ഷ 2030' വികസന സമ്മിറ്റ്. അടുത്ത പത്ത് വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം.