
തിരുവനന്തപുരം: ആമസോണിയയുമായി പി.എസ്.എൽ.വി.സി-51 റോക്കറ്റ് കുതിച്ചുയർന്നത് ചരിത്രത്തിലേക്ക്. ആദ്യ സ്വകാര്യവിക്ഷേപണ ദൗത്യവിജയത്തിൽ കേരളത്തിലെ പുതിയ സംരംഭമായ സ്‌പെയ്സ് പാർക്കിനും അഭിമാനിക്കാം. സ്‌പെയ്സ് പാർക്കിലെ സ്ഥാപനമായ ആനന്ദ് ടെക്നോളജീസ് ലിമിറ്റഡ് വികസിപ്പിച്ച സ്വകാര്യ റോക്കറ്റുമായാണ് പി.എസ്.എൽ.വി കുതിച്ചത്. പള്ളിപ്പുറത്തെ സ്‌പെയ്സ് പാർക്കിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന സ്ഥാപനം ശാസ്തമംഗലത്താണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഐ.എസ്.ആർ.ഒയുടെ കർശന മേൽനോട്ടത്തിൽ വി.എസ്.എസ്.സിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ആനന്ദ് ടെക്നോളജീസ് നിർമ്മിച്ച പി.എസ്.എൽ.വിയാണ് ആമസോണിയ ദൗത്യത്തിനുപയോഗിച്ചത്.
പ്രത്യേകതകൾ പലത്
വിക്ഷേപണ റോക്കറ്റുകളുടെ പുറംചട്ട, യന്ത്രഭാഗങ്ങൾ എന്നിവയാണ് സ്വകാര്യസ്ഥാപനങ്ങൾ നിർമ്മിക്കുന്നത്. ഇവ യോജിപ്പിച്ച് റോക്കറ്റുണ്ടാക്കിയിരുന്നത് വി.എസ്.എസ്.സിയിലാണ്. എന്നാൽ റോക്കറ്റിന്റെ മെക്കാനിക്കൽ ഒാപറേഷൻ, അസംബ്ളിംഗ്, ഇലക്ട്രിക് ഹാർനെസിംഗ്, കേബിൾ ടെസ്റ്റിംഗ് ആൻഡ് ക്വാളിഫൈയിംഗ്, സിസ്റ്റംസ് പാക്കേജ് ചെക്കൗട്ട്, ഒാപറേഷൻ ചെക്കൗട്ട്, നാവിഗേഷൻ സിംസ്റ്റംസ് ചെക്കൗട്ട്, വൈബ്രേഷൻ ടെസ്റ്റിംഗ് തുടങ്ങിയവയെല്ലാം നിർവഹിച്ചത് ആനന്ദ് ടെക്നോളജീസാണെന്ന് ചെയർമാൻ ഡോ. സുബ്ബറാവു പാവലൂരി പറഞ്ഞു. ആന്ധ്രാസ്വദേശിയായ സുബ്ബറാവു മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനാണ്.
ശ്രീഹരിക്കോട്ടയിൽ അവസാനവട്ട ടെസ്റ്റിംഗും മറ്റ് നടപടികളുമാണ് ഐ.എസ്.ആർ.ഒ നിർവഹിച്ചത്. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെയും വിദഗ്‌ദ്ധരുടെയും കർശന മേൽനോട്ടത്തിൽ ഇന്നലെ രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.
17 മിനിറ്റിനുള്ളിൽ 637കിലോഭാരമുള്ള ആമസോണിയ ഉപഗ്രഹം വിക്ഷേപിച്ചു. പിന്നീട് റോക്കറ്റിന്റെ പി.എസ് 4 എന്ന ഉപഗ്രഹങ്ങൾ സൂക്ഷിച്ച ഭാഗത്തിലെ എൻജിൻ ഒാഫ് ചെയ്‌തു. 54 മിനിറ്റിന് ശേഷം വീണ്ടും ഇന്ധനം ഒമ്പത് സെക്കൻഡ് ജ്വലിപ്പിച്ച് ഗതിമാറ്റി. തുടർന്ന് 48 മിനിറ്റിന് ശേഷം വീണ്ടും ഇന്ധനം എട്ട് സെക്കൻഡ് ജ്വലിപ്പിച്ച് നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന് ശേഷിച്ച 18 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മോദിയുടെ ചിത്രവും ഭഗവത് ഗീതയുമുള്ള സതീഷ് ധവാൻ സാറ്റ്, കോയമ്പത്തൂരിലെ ശ്രീശക്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ശ്രീപെരുംപത്തൂരിലെ ജെ.പി.ആർ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, നാഗപൂരിലെ ജി.എച്ച്.റായ്സോനി എൻജിനിയറിംഗ് കോളേജ് എന്നിവയുടെ യൂണിറ്റിസാറ്റ്, ഇന്ത്യയിലെ സിന്ധുനേത്ര ഉപഗ്രഹം എന്നിവയും, അമേരിക്കയിലെ സായ് -1 നാനോകണക്ട് 2, സ്പെയ്സ് ബീ സ്ഥാപനത്തിന്റെ 12 കുഞ്ഞൻ ഉപഗ്രഹങ്ങൾ എന്നിവയാണ് വിക്ഷേപിച്ചത്. ബ്രസീലിലെ മന്ത്രി മാർക്കോസ് സീസർ പാന്റാസും വിക്ഷേപണത്തിന് സാക്ഷിയായി.
വിക്ഷേപണത്തിന്റെ സവിശേഷതകൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തെത്തിച്ചു
ബ്രസീൽ സ്വന്തമായി നിർമ്മിച്ച് വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം
വാണിജ്യവിക്ഷേപണ സ്ഥാപനമായ ന്യൂസ്‌പെയ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ദൗത്യം
സ്വകാര്യമേഖലയിൽ വികസിപ്പിച്ചെടുത്ത ആദ്യ പി.എസ്.എൽ.വി റോക്കറ്റിന്റെ വിക്ഷേപണം
രണ്ടുതവണ നിറുത്തിയും പ്രവർത്തിപ്പിച്ചും വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വിജയകരമായ വിക്ഷേപണം
'ഇത് ചരിത്രവിജയമാണ്. ഇൗ വർഷം 14 വിക്ഷേപണങ്ങൾ കൂടി നടത്തും. അതിൽ ഏഴെണ്ണം വാണിജ്യാടിസ്ഥാനത്തിലായിരിക്കും. ഒരെണ്ണം ഗഗൻയാനുമായി ബന്ധപ്പെട്ടതും ആറെണ്ണം ഉപഗ്രഹവിക്ഷേപണങ്ങളുമായിരിക്കും".
- ഡോ. കെ. ശിവൻ,
ഐ.എസ്.ആർ.ഒ ചെയർമാൻ