
തിരുവനന്തപുരം: രാജ്യം ഭരിക്കുന്നവർ ഭരണഘടനാമൂല്യങ്ങൾ തകർക്കുമ്പോൾ സുപ്രീംകോടതി തുടരുന്ന മൗനം ലജ്ജാകരമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വബിൽ ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങൾക്കിടയിൽ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് അദ്ധ്യാപക സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എ ഏർപ്പെടുത്തിയ 2021 ലെ അദ്ധ്യാപകലോകം അവാർഡ് കവി വിനോദ് വൈശാഖിക്ക് നൽകി. ഡോ.പി.കെ.ജയരാജ്, ഡോ.പി.പി.പ്രകാശൻ എന്നിവരെ സമ്മേളനം ആദരിച്ചു.
വൈകിട്ട് നടന്ന അദ്ധ്യാപക നേതാക്കൾക്കുള്ള യാത്രഅയപ്പ് സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്ന് വിരമിക്കുന്നതിനാൽ കെ.എസ്.ടി.എയിൽനിന്ന് വിടവാങ്ങുന്ന കെ.സി. ഹരികൃഷ്ണൻ, കെ.ജെ. ഹരികുമാർ, കെ.കെ. പ്രകാശൻ, സംസ്ഥാന എക്‌സി.അംഗങ്ങളായിരുന്ന എൻ.എ. വിജയകുമാർ, ടി.കെ. അരവിന്ദാക്ഷൻ, കെ.എൻ. ശ്രീകുമാർ, കെ.ബാബു, സി.ശാന്തകുമാരി, പി.ബി. കുരുവിള, വി.പി മോഹനൻ തുടങ്ങിയവർക്ക് ഉപഹാരം നൽകി.
കെ.എസ്.ടി.എ തിരഞ്ഞെടുപ്പ്: പി.വേണുഗോപാലൻ പ്രസിഡന്റ്, എൻ.ടി ശിവരാജൻ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റായി പി.വേണുഗോപാലനെയും ജനറൽ സെക്രട്ടറിയായി എൻ.ടി ശിവരാജനെയും തെരഞ്ഞെടുത്തു. ടി.കെ.എ ഷാഫിയാണ് ട്രഷറർ.
പാലക്കാട് ആലത്തൂർ സ്വദേശിയായ വേണുഗോപാലൻ ആലത്തൂർ എ.എസ്.എം.എം എച്ച്.എസ്.എസിലെ അദ്ധ്യാപകനാണ്. നിലവിൽ സമഗ്രശിക്ഷാ കേരളയുടെ കുഴൽമന്ദം ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്ററാണ്.
തിരുവനന്തപുരം കല്ലറ കുറ്റിമൂട് സ്വദേശിയായ ശിവരാജൻ സമഗ്രശിക്ഷ കേരളയുടെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറാണ്.
ഇരുമ്പൂഴി ജി.എച്ച്.എസ്.എസിൽ അദ്ധ്യാപകനും വിദ്യാരംഗത്തിന്റെ എഡിറ്ററുമാണ് മലപ്പുറം ആനക്കയം പെരിമ്പലം സ്വദേശിയായ ഷാഫി.
വൈസ് പ്രസിഡന്റുമാർ: കെ.രാഘവൻ (കാസർകോട്), സി.സി വിനോദ്കുമാർ (കണ്ണൂർ), എൽ.മാഗി (എറണാകുളം), കെ.വി ബെന്നി (എറണാകുളം), എ.നജീബ് (തിരുവനന്തപുരം). സെക്രട്ടറിമാർ: എ.കെ ബീന (കണ്ണൂർ), കെ.ബദറുന്നീസ (മലപ്പുറം), ബി. സുരേഷ് (മലപ്പുറം), ടി.വി മദനമോഹനൻ (തൃശൂർ), ഡി.സുധീഷ് (ആലപ്പുഴ). 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.