തിരുവനന്തപുരം: ഭാരത്‌ഭവന്റെ പ്രഥമ ഗ്രാമീണ നാടക പുരസ്കാരം നാടക പ്രവർത്തകനും ആക്ടിവിസ്റ്റുമായ കെ.ജെ. ബേബിക്ക് നടൻ നെടുമുടി വേണു നൽകി. വാമനപുരത്തെ പുഷ്പോത്ഭവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുഷ്പോത്ഭവൻ സ്മൃതി പുരസ്കാരം ഷെരീഷ് പാങ്ങോട് ഏറ്റുവാങ്ങി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനായ ചടങ്ങിൽ നാടക ചലച്ചിത്ര പ്രവർത്തകൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ. കെ. ഓമനക്കുട്ടി, ഗിരീഷ് പുലിയൂർ, ഡോ. നീനാ പ്രസാദ്, എസ്. സുധീന്ദ്രൻ, ഭാരത് നിർവാഹക സമിതി അംഗങ്ങളായ അബ്രദിത ബാനർജി, റോബിൻ സേവ്യർ, മധു കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു. തിയേട്രം ഫാർമെയുടെ ഭാഗമായി വാമനപുരത്ത് ഭാരത് ഭവൻ ഒരുക്കിയ കൂട്ടുകൃഷി നാടകത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിമ ശാന്തി അവതരിപ്പിച്ച ലാവണ്യ നൃത്തം അരങ്ങേറി.