
മാള: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പങ്കുള്ളതായും സൂചനയുണ്ട്. പൊരുന്നംകുന്ന് പ്ലാവിട വീട്ടിൽ കുട്ടു എന്ന സുനീഷ് (34), പൊരുന്നംകുന്ന് വടക്കെപറമ്പിൽ വിഷ്ണു (25) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.ആർ. രാജേഷ് അറസ്റ്റ് ചെയ്തത്. പിടിയിലായ സുനീഷ് കൊടകര, ചാലക്കുടി, ആളൂർ സ്റ്റേഷനുകളിൽ അടിപിടി കേസുകൾ അടക്കം അഞ്ചോളം കേസുകളിലെ പ്രതിയാണ്.
വിഷ്ണു കൊടകര സ്റ്റേഷനിലെ കൊലപാതക ശ്രമ കേസിലും പ്രതിയാണ്. പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ടുവന്ന ഇരുവരും മറ്റൊരു പ്രതിയായ കരുമാടി അരുണും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. അരുണിനെ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലായിരുന്ന സുനീഷിനെ ഇന്ന് ചാലക്കുടിയിലെത്തിയപ്പോൾ അറസ്റ്റു ചെയ്യുകയായിരുന്നു. വിഷ്ണുവിനെ ആളൂരിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികൾകളെയും ഉടൻ തന്നെ പിടികൂടുമെന്നു ഡിവൈ.എസ്.പി അറിയിച്ചു. കേസിൽ 20 ഓളം പ്രതികളുണ്ടെന്നാണ് സൂചന.
പ്രണയം നടിച്ച് പെൺകുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയും ചെയ്ത വി.ആർ.പുരം സ്വദേശി ചെലാട്ടി എന്ന അരുണാണ് കേസിലെ ഒന്നാംപ്രതി. ക്രിമിനൽ, കഞ്ചാവ് കേസ് പ്രതിയാണ് അരുൺ. ഇയാളെയാണ് പൊലീസ് ആദ്യം പിടികൂടിയത്. പിടിയിലായവരിൽ കൂടുതൽ പേരും മദ്യത്തിന് അടിമകളാണ്. പലവിധ പ്രലോഭനത്തിലും പെടുത്തി പീഡിപ്പിച്ചവരിൽ പ്രായമായവരും ഉൾപ്പെട്ടിട്ടുണ്ട്.
പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് ശാസ്ത്രീയമായ തെളിവുകൾ രേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ്.പി: ജി. പൂങ്കുഴലി അന്വേഷണ പുരോഗതി വിലയിരുത്തി. ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ, എസ്.ഐമാരായ ടി.എൻ. പ്രദീപൻ, കെ.എം. സൈമൺ, എം.സി. രവി, ഇ.ആർ. സിജുമോൻ, പി.ജെ. ഫ്രാൻസിസ്, സി.കെ. സന്തോഷ്, എം.കെ. ദാസൻ, എ.എസ്.ഐമാരായ കെ.ടി. ജോഷി, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സനീഷ് ബാബു, സീനിയർ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇഎസ്. ജീവൻ, എം.ജി. വിനോദ് കുമാർ, ധനലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.