
തിരുവനന്തപുരം : കൊവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ സർക്കാർ,സ്വകാര്യ ലാബുകൾ സംയുക്തമായി പരിശോധന ആരംഭിക്കുന്നു. സർക്കാർ ലാബുകളുടെ ശേഷിക്കപ്പുറം ആർ.ടി.പി.സി.ആർ പരിശോധനകൾക്കായി സാമ്പിളുകൾ വന്നാൽ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് കൈമാറും. സർക്കാർ ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കി. എയർപോർട്ടിലെ അന്തർദേശീയ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധന സർക്കാർ സൗജന്യമാക്കിയിരുന്നു. ഈ സേവനം നൽകുന്ന അംഗീകൃത ലാബുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 448 രൂപ നിരക്കിൽ സർക്കാർ റീ ഇമ്പേഴ്സ് ചെയ്യും. ലാബുകൾ 24മണിക്കൂറിനകം ഫലം അപ്‌ലോഡ്
ചെയ്യണം. കെ.എം.എസ്.സി.എൽ. മുഖേന ആർ.ടി.പി.സി.ആർ മൊബൈൽ ലബോറട്ടറികളും സജ്ജമാക്കിയിട്ടുണ്ട്. എയർപോർട്ട്, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ,ജോലി സ്ഥലങ്ങൾ, പ്രൈമറി കോണ്ടാക്ട് പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ലബോറട്ടറികൾ എത്തുക. സാമ്പിൾ എടുക്കുന്നത് മുതൽ പരിശോധന, റിസൾട്ട് അപ്‌ലോഡ്,വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദേശം പാലിക്കണം. പോസിറ്റീവാണെങ്കിൽ എത്രയുംവേഗം അറിയിക്കുകയും സർവയലൻസ് ടീം അവരെ ഏറ്റെടുക്കയുംവേണം. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി എല്ലാ ചെലവുകളും ഉൾപ്പെടെ മൊബൈൽ ലബോറട്ടറികൾ 448രൂപയാണ് ഈടാക്കുന്നത്.