6 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയിൽ
നിയന്ത്രണങ്ങൾ കർഷകരെ ബുദ്ധിമുട്ടിലാക്കും

വയനാടിന്റെ സാമ്പത്തിക രംഗം തകർക്കും
കർഷക സംഘടനകൾ പ്രക്ഷോഭത്തിന്

സുൽത്താൻ ബത്തേരി: വയനാട് വന്യ ജീവി സങ്കതത്തിന് ചുറ്റുമുള്ള 3.4 കലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വയനാടൻ ജനത കടുത്ത ആശങ്കയിലായി. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ആറ് വില്ലേജുകളെയാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.
കിടങ്ങനാട്,നൂൽപ്പുഴ, പുൽപ്പള്ളി, ഇരുളം, തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളാണ് വിജ്ഞാപനത്തിന്റെ പരിധിയിൽ വന്നിട്ടുള്ളത്.

നേരത്തെ മലബാർ വന്യ ജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ നാല് വില്ലേജുകൾ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട ബത്തേരി, മുത്തങ്ങ, തോൽപ്പെട്ടി, കുറിച്ച്യാട് എന്നീ നാല് റെയിഞ്ചുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ആറ് വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

പരിസ്ഥിതി ലോല മേഖലയായി തീരുന്നതോടെ നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാവും. 41 വിഭാഗങ്ങളായാണ് ഇവ തരം തിരിച്ചിരിക്കുന്നത്. ഇതിൽ 9 കാര്യങ്ങൾക്ക് പൂർണ നിരോധനവും 10 കാര്യങ്ങൾക്ക് അനുമതിയും 21 കാര്യങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വിജ്ഞാപനം നടപ്പിൽ വരുന്നതോടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, ഖനനം ,ക്വാറികൾ, ക്രഷറുകൾ, വൻകിട ജലസേചന പദ്ധതികൾ, ജലമലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, ഇഷ്ടികചൂള തുടങ്ങിയവക്കെല്ലാം നിരോധനം വരും.

വൻകിട കന്നുകാലി ഫാമുകൾക്കും ഡെയറിഫാമുകൾക്കും നിയന്ത്രണമുണ്ടാവും.

വാണിജ്യാടിസ്ഥാനത്തിൽ കർഷകർ നടത്തുന്ന മിക്ക കാര്യങ്ങളും നിയന്ത്രണങ്ങളുടെ പട്ടികയിലാണ്. വൻകിട ഹോട്ടലുകൾ, റിസോർട്ടുകൾ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ, വനവിഭവ ശേഖരണം, മരംമുറി, പുതിയ റോഡുകൾ നിർമ്മിക്കൽ, രാത്രിഗതാഗതം, ഉപരിതലജലവും ഭൂഗർഭ ജലവും ഉപയോഗിക്കൽ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും.


സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതോടെ വയനാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയലേക്ക് കൂപ്പുകുത്തും. വയനാടൻ ജനതയുടെ സാമ്പത്തിക സ്രോതസായ ഡെയറിഫാമുകൾ, കൃഷിയും കന്നുകാലി വളർത്തലും ടൂറിസവുമെല്ലാം നിയന്ത്രണങ്ങളുടെ പട്ടികയിലാണ്.
പരിസ്ഥിതി ലോല മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിൽ വികസനം കാര്യമായി നടക്കുമ്പോൾ നിയന്ത്രണവും നിരോധനവും കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ആളുകളിൽ ചേരിതിരിവ് തന്നെയുണ്ടാകും. ഉദ്യോഗസ്ഥ വിഭാഗം ഒഴിച്ചുള്ള സാധാരണക്കാരുടെയും കർഷകരുടെയും ജീവിതം ദുരിതപൂർണ്ണമാകും.


കരട് വിജ്ഞാപനം : കർഷക സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത്
സുൽത്താൻ ബത്തേരി: പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകെണ്ടുളള കരട് വിജ്ഞാപനം ഇറങ്ങിയതോടെ വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. സി.പി.എം. ബത്തേരി ഏരിയ കമ്മറ്റിയുടെയും കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മറ്റിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. കരട് വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു സി.പി.എമ്മിന്റെ പ്രതിഷേധം. ബത്തേരി നഗരസഭയും നൂൽപ്പുഴ ഗ്രാമ പഞ്ചായത്തും കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ഇന്ന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി എട്ടാം തീയ്യതി വിവിധ കർഷക സംഘടനകളുടെ യോഗം ബത്തേരിയിൽ നടക്കും.