 
മസിനഗുഡി (തമിഴ്നാട്): തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉറക്കമില്ലാ രാവുകളാണിപ്പോൾ. നാട്ടുകാരുമായി ഇണങ്ങി വനമേഖലയോടു ചേർന്ന് വർഷങ്ങളായി കഴിഞ്ഞു വരുന്ന റിവാൾഡോ എന്ന കാട്ടുകൊമ്പനെ തെപ്പക്കാട് ആനപ്പന്തിയിലേക്ക് അനുനയിപ്പിച്ച് കൊണ്ടുവരാനുളള ശ്രമം ഫലിച്ചില്ല. പാതി വഴിയ്ക്ക് വെച്ച് റിവാൾഡോ കാട്ടിലേക്ക് തിരിഞ്ഞോടുകയായിരുന്നു. അതിനിടെ, ഒരാഴ്ച മുമ്പ് മൂന്നു പേരെ വകവരുത്തിയ കൊലയാളി കാട്ടുകൊമ്പൻ വീണ്ടും തിരിച്ചെത്തിയത് വലിയ ഭീഷണിയുമായി.
തുമ്പിക്കൈയുടെ അറ്റത്തായി സാരമായ മുറിവ് പറ്റിയ റിവാൾഡോയെ വനപാലകർ പഴവർഗങ്ങളും മറ്റും കൊടുത്ത് നൽകി ആനപ്പന്തിയിലേക്ക് സൂത്രത്തിൽ തെളിച്ചു കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പത്ത് കിലോ മീറ്ററോളം ദൂരം പിന്നിട്ടതാണ്. ആനപ്പന്തിയിലേക്ക് എത്താൻ ആറ് കിലോ മീറ്റർ മാത്രമെ ബാക്കിയുണ്ടായിരുന്നുളളു. എന്തോ സംശയം തോന്നിയാവണം റിവാൾഡോ ഈ വരവിനിടയിൽ പെട്ടെന്ന് വനത്തിലേക്ക് തന്നെ തിരിഞ്ഞോടുകയാണുണ്ടായത്. നേരത്തെ നിലയുറപ്പിച്ച മാവനല്ലയിൽ തന്നെയാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ജനുവരി 19ന് മസിനഗുഡിയിലെ മാവനഹളള റിസോർട്ടിലെത്തിയ ഒരു കാട്ടുകാെമ്പനെ ടയറിൽ പെട്രോൾ ഒഴിച്ച് കത്തിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. തുടർന്നാണ് റിവാൾഡോയെ എങ്ങനെയെങ്കിലും ചികിത്സിച്ച് രക്ഷപ്പെടുത്താൻ വനം വകുപ്പ് ശ്രമം തുടങ്ങിയത്.
ഇന്നലെ റിവാൾഡോയെ ആനപ്പന്തിയിലേക്ക് എത്തിക്കാൻ വീണ്ടും യജ്ഞം തുടങ്ങാനിരിക്കെയാണ് ഒരാഴ്ച മുമ്പ് മൂന്നു പേരെ കുത്തിക്കൊന്നതോടെ കാട്ടിലേക്ക് തുരത്തിയ കാട്ടുകൊമ്പന്റെ വരവ് വീണ്ടും. ചേരമ്പാടിയിലാണ് ഈ കൊമ്പൻ ഇറങ്ങിയത്. ഇതോടെ കൊലയാളിക്കൊമ്പന് വേണ്ടിയായി വനം വകുപ്പിന്റെ ഇന്നലത്തെ തിരച്ചിൽ.
കണ്ണമ്പളളിയിലെ നാഗമുത്തു ( 65), ഡി.എം.കെ പഞ്ചായത്ത് കൗൺസിലർ ആനന്ദ് രാജ് (42), മകൻ പ്രശാന്ത് (20) എന്നിവരെയാണ് കാട്ടാന വക വരുത്തിയത്. പിന്നീട് മയക്കുവെടി വച്ച് പിടികൂടിയ കൊമ്പനെ നിലമ്പൂർ വനത്തിലേക്ക് കടത്തിവിടുകയായിരുന്നു.
 നാട്ടുകാരുമായി 15 വർഷത്തെ ബന്ധം
കഴിഞ്ഞ പതിനഞ്ച് വർഷമായി റിവാൾഡോ ഇവിടുത്തുകാർക്ക് പ്രിയങ്കരനാണ്. കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ ശേഷം ജനങ്ങളമായി പെട്ടെന്ന് അടുക്കുകയായിരുന്നു. നാട്ടുകാർ നൽകുന്ന പഴവർഗങ്ങളും മറ്റുമാണ് ഭക്ഷണം.
പതിനഞ്ച് വർഷം മുമ്പ് മാർക്കിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഇൗ കാട്ടുകൊമ്പനെ ആദ്യമായി കണ്ടത്. ശല്യക്കാരനല്ലെന്ന് തോന്നിയപ്പോൾ മാർക്കും നാട്ടുകാരും ഭക്ഷണസാധനങ്ങൾ കൊടുത്തു തുടങ്ങി. ഇതോടെ കൊമ്പൻ കാട് കയറാൻ മടിച്ചു. മാർക്കാണ് റിവാൾഡോ എന്ന് പേരിട്ടത്.
ഇദ്ദേഹത്തെ തേടി എന്നും തോട്ടത്തിലെത്തും. അഞ്ച് വർഷം മുമ്പ് മാർക്ക് മരിച്ചതറിയാതെ റിവാൾഡോ പിന്നെയും പതിവ് തെറ്റിക്കാതെ എത്തുകയായിരുന്നു.