cks
വൈത്തിരി ജി. എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

കൽപ്പറ്റ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച വിദ്യാലയങ്ങളും ഉന്നത സൗകര്യങ്ങളും നാടിന്റെ അഭിമാനമാകും. മികവിന്റെ കേന്ദ്രങ്ങളായി മാറിയ വിദ്യാലയങ്ങളുടെ പുതിയ കെട്ടിടങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയൽ ജിഎൽ.പി.എസ്. എന്നീ അഞ്ച് സ്‌കൂളുകൾക്കായി നിർമ്മിച്ച പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.

മാനന്തവാടി ജി.വി.എച്ച്എസിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസി പുതിയ ബഹുനിലകെട്ടിടം നിർമ്മിച്ചത്. എം.എൽ.എ അനുവദിച്ച 85 ലക്ഷം രൂപ വിനിയോഗിച്ചുള്ള വികസന പദ്ധതികളും അടുത്ത ഘട്ടത്തിൽ പൂർത്തിയാക്കും. ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി.സന്ദേശം അറിയിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭ വൈസ് ചെയർമാൻ പി.വി.എസ് മൂസ, നഗര സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.എസ്.കെ. ജില്ലാ പ്രൊജ്ര്രക് കോർഡിനേറ്റർ എം അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

വൈത്തിരി ജി. എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ.സി. പ്രസാദ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.

അമ്പലവയൽ ജിഎൽ.പി.എസിൽ നടന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ, ബത്തേരി ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്.ബി. നായർ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ബി. സെനു തുടങ്ങിയവർ പങ്കെടുത്തു.