കൽപ്പറ്റ: ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അവതരിപ്പിച്ച പ്രമേയത്തെ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ പിന്താങ്ങി. മുഴുവൻ അംഗങ്ങളും പ്രമേയം അംഗീകരിച്ചു. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് ജില്ലാ പഞ്ചായത്ത് പാസാക്കിയ പ്രമേയം അയച്ചു കൊടുക്കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നടക്കാനിരിക്കുന്ന മുഴുവൻ ഗ്രാമസഭകളിലും പരിസ്ഥി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകി. പ്രമേയം ചർച്ചയ്ക്ക് വിധേയമാക്കാനും ഇതിന്റെ മിനുട്‌സ് കേന്ദ്ര വനമന്ത്രാലയത്തിന് അയച്ച് കൊടുക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്ര വനമന്ത്രാലയത്തെ അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെയും വായനശാലകളുടെയും അക്ഷയകേന്ദ്രങ്ങളുടെയും പങ്കാളിത്തത്തോടെ മാസ് മെയിലിംഗ് കാാപയിന് നേതൃത്വം നൽകാനും ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നതിന് നാട് ഒറ്റകെട്ടായി നിൽക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ഉഷാതമ്പി, ബിന്ദുജോസ്, എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി തുടങ്ങിയവർ പ്രമേയ ചർച്ചയിൽ പങ്കെടുത്തു.