സർവ്വകക്ഷി രൂപീകരണ യോഗം ഇന്ന്

സുൽത്താൻ ബത്തേരി : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം വയനാട് ജില്ലയെ തുറന്ന ജയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണന്നും ഇതിനെതിരെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രംഗത്തിറങ്ങണമെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്തും ബത്തേരി നഗരസഭയും സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കരട് വിജ്ഞാപനത്തിനെതിരായ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി സർവ്വകക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
വിജ്ഞാപനത്തിനെതിരെ മുഴുവൻ പഞ്ചായത്തുകളും ഗ്രാമസഭകളും പ്രമേയം പാസാക്കണമെന്നും അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ.രമേശ്, വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, വൈസ് പ്രസിഡന്റ് അമ്പിളി സുധി എന്നിവർ പങ്കെടുത്തു.

പ്രഖ്യാപനം പിൻവലിക്കണം : ബ്ലോക്ക് പഞ്ചായത്ത്
സുൽത്താൻ ബത്തരി : വയനാട് വന്യ ജീവി സങ്കേതത്തിന് ചുറ്റുമുള്ള ആറ് വില്ലേജുകൾകൂടി പരിസ്ഥിതി ലോലേ മേഖലയാക്കി മാറ്റികൊണ്ടുള്ള കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വയനാടൻ ജനതയുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ഉത്തരവിനെതിരെ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ പ്രമേയം അവതരിപ്പിച്ചു. അനീഷ് ബി.നായർ, ബീന വിജയൻ, പി.കെ.സത്താർ, എടക്കൽ മോഹനൻ എന്നിവർ സംസാരിച്ചു.