സുൽത്താൻ ബത്തേരി: പട്ടയഭൂമിയിലെ ചന്ദന മരം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ച നടപടി കർഷകർക്ക് വീണ്ടും തിരിച്ചടിയായി. മരം മുറിക്കാമെന്ന 2017ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്. ഇതിനെതിരെ കർഷകരോഷം ശക്തമായി.
1964ലെകേരള ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ നട്ടുവളർത്തിയതും സ്വമേധയ ഉണ്ടായതുമായ ചന്ദനം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാനുള്ള അവകാശം കർഷകർക്ക് നൽകിക്കൊണ്ടാണ് ഉത്തരവിറക്കിയത്. ഉത്തരവ് ഇറങ്ങിയെങ്കിലും നടപ്പാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ഉയർന്നിരുന്നു. അതിനിടെയാണ് തിരക്ക് പിടിച്ച് ഉത്തരവ് റദ്ദ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
വീട് നിർമാണത്തിനടക്കം സ്വന്തം ആവശ്യങ്ങൾക്ക് മരം മുറിക്കുന്നത് ഇതോടെ തടസപ്പെടും. കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും കൃഷി നാശവും കാലാവസ്ഥ പ്രതികൂലമായതുമെല്ലാം കാർഷികമേഖലയെ സാരമായി ബാധിച്ചപ്പോൾ മരം മുറിക്കാമെന്ന ഉത്തരവ് ഒരു പരിധിവരെ കർഷകർക്ക് സഹായമായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങളിലെ മുറിക്കാറായ മരങ്ങൾ മുറിക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. കർഷകരെ ബുദ്ധിമുട്ടിക്കുന്ന പുതിയ ഉത്തരവ് പിൻവലിച്ച് മരം മുറിക്കാൻ അനുവാദം നൽകുന്ന 2017ലെ ഉത്തരവ് നിലനിർത്തണമെന്നാണ് കർഷകരുടെ ആവശ്യം.