wayanad

കൽപ്പറ്റ: പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ വഴിതടയൽ സമരത്തിനിറങ്ങിയ സി പി എം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് യു ഡി എഫ് ചെയർമാൻ പി പി എ കരീം, കൺവീനൻ എൻ ഡി അപ്പച്ചൻ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഒന്നരവർഷം മുമ്പ് വൈത്തിരി, കൊയിലാണ്ടി, താമരശേരി, മാനന്തവാടി താലൂക്കുകളിലെ വില്ലേജുകളിൽ സമാനപ്രശ്‌നം ഉയർന്നുവന്നപ്പോൾ യു ഡി എഫ് സമരം നടത്തുകയും നിരന്തരം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാനോ ജനവാസകേന്ദ്രങ്ങളെ ബഫർസോണിൽ നിന്നു ഒഴിവാക്കിക്കിട്ടാനോ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

വന്യജീവി ശല്യത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം ഇടിത്തീയായി മാറിയിരിക്കുകയാണ്.. വന്നുവീണിരിക്കുന്നത്. ഈ വിഷയത്തിൽ ഇത്രയും കാലം ഒന്നും ചെയ്യാതെ, യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ വഴിതടയൽ സമരവുമായി സി പി എം ഇറങ്ങിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഇത് തികച്ചും അപഹാസ്യവും ജനങ്ങളെ കബളിപ്പിക്കലുമാണ്.

രാത്രിയാത്രാ നിരോധന വിഷയത്തിൽ എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ആക്‌ഷൻ കമ്മിറ്റിയുണ്ടാക്കിയപ്പോൾ യു ഡി എഫ് സഹകരിച്ചിരുന്നു. എന്നാൽ, പിന്നീട് രാഷ്ട്രീയതാത്പര്യം മുൻനിറുത്തി ബി ജെ പിയുമായി ഒത്തുകളിച്ച് സി പി എം ആ സമരം പൊളിക്കുകയാണുണ്ടായത്. സമാനസാഹചര്യം ഈ വിഷയത്തിൽ ഉണ്ടാകാൻ പാടില്ലെന്നതിനാലാണ് യു ഡി എഫ് എല്ലാ സാമൂഹ്യസംഘടനകളെയും ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടിലെ ജനങ്ങളുടെ നിലനില്പിൻറെ പ്രശ്‌നമാണെന്നിരിക്കെ കേന്ദ്ര വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങാനാണ് യു ഡി എഫ് തീരുമാനം. തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.