സുൽത്താൻ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി കേന്ദ്രം കരട് വിജ്ഞാപനമിറക്കിയതിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാൻ ബത്തേരിയിൽ ബ്ലോക്ക് പഞ്ചായത്തിൻെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള നാല് പഞ്ചായത്ത് വാർഡുകളിലും നഗരസഭയുടെ കീഴിലുളള 35 ഡിവിഷനുകളിലും പ്രതിഷേധ യോഗം സംഘടിപ്പിച്ച് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കി കേന്ദ്ര സർക്കാരിന് അയക്കും.
നിലവിലെ കരട് വിജ്ഞാപനം വയനാടിനെ പൂർണമായും ഇല്ലാതാക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി. വനാതിർത്തിയിൽ പൂജ്യം എന്ന നിലയിൽ പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിജപ്പെടുത്തണം.
തുടർപ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകാൻ നഗരസഭ അദ്ധ്യക്ഷൻ ടി.കെ.രമേശ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.അസൈനാർ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് മുൻസിപ്പൽ ഹാളിൽ ചേരുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം സമരത്തിന് രൂപം നൽകും.
യോഗം സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.അസൈനാർ , എം.എസ്.വിശ്വനാഥൻ, കെ.ജെ.ദേവസ്യ, സുരേഷ് താളൂർ സി.കെ.സഹദേവൻ, സോമനാഥൻ, വി.മുഹമ്മദ്ശരീഫ്, കെ.വീരേന്ദ്രകുമാർ, കാദർ, ഉനൈസ് കല്ലൂർ, ബഷീർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ യു ഡി എഫ് കൗൺസിലർമാരായ എം.എസ്.വിശ്വനാഥനും പി.സംഷാദും പങ്കെടുത്തെങ്കിലും മുന്നണി നേതാക്കളാരും എത്തിയിരുന്നില്ല.