# മികച്ച ക്ഷീര കർഷകനുള്ള അവാർഡ് രണ്ടാംതവണ
സുൽത്താൻ ബത്തേരി: നാട്ടിലെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അടച്ചുപൂട്ടി ചുരം കയറി പശുപരിപാലനത്തിന് ഇറങ്ങിയ മോഹൻദാസിന് വീണ്ടും സംസ്ഥാന സർക്കാരിൻെറ അംഗീകാരം. കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹം ക്ഷീര കർഷക അവാർഡിന് അർഹനാവുന്നത് ഇത് രണ്ടാം തവണ.
പശുക്കളോടുള്ള സ്‌നേഹം ചെറുപ്പത്തിലേയുണ്ട്. വർക്ക് ഷോപ്പ് തുടങ്ങിയതോടെ വർഷങ്ങളോളം ആ മേഖലയിൽ തന്നെയായി. ഒരു ഘട്ടമെത്തിയപ്പോൾ രണ്ടും കല്പിച്ച് കാലി വളർത്തലിലേക്ക് തിരിയാൻ തീരുമാനിച്ചു. ഇരിങ്ങാലക്കുടയിൽ ഒരു ഫാം തുടങ്ങിയെങ്കിലും ഏറെ വൈകാതെ നിറുത്തേണ്ടി വന്നു. പശുപരിപാലനത്തിനു വയനാടിന്റെ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയതോടെ പിന്നെ, സംശയിച്ചില്ല. വയനാടൻ ചുരം കയറിയെത്തിയ മോഹൻദാസ് ബത്തേരിയ്ക്കടുത്ത മാതമംഗലത്ത് സ്ഥലം വാങ്ങി പശുഫാം തുടങ്ങുകയായിരുന്നു. നൂറിലധികം പശുക്കളുണ്ട് ഇപ്പോൾ. പ്രതിദിനം ഏതാണ്ട് 1300 ലിറ്റർ പാൽ കിട്ടുന്നുണ്ട്. ബത്തേരിയിലെ വയനാട് മിൽക്കിനാണ് പാൽ നൽകുന്നത്.
കൊടുങ്ങല്ലൂർ മാങ്കറ വീട്ടിൽ വേലപ്പൻ - നാരായണി ദമ്പതികളുടെ മകനാണ് മോഹൻദാസ്. അച്ഛൻ പശുക്കളെ വളർത്തുന്നത് കണ്ടാണ് ചെറുപ്പത്തിലേ ഒപ്പം കൂടിയിരുന്നു. പഠനം കഴിഞ്ഞ് വർക്ക് ഷോപ്പ് തുടങ്ങിയെങ്കിലും ഒട്ടും സംതൃപ്തിയുണ്ടായിരുന്നില്ല. പിന്നീട് അത് പൂർണമായി വിട്ടാണ് എട്ട് വർഷം മുമ്പ് വയനാട്ടിലേക്ക് എത്തിയത്.
പുലർച്ചെ അഞ്ച് മണിയോടെ മോഹൻദാസിന്റെ ദിനചര്യ തുടങ്ങുകയായി. സ്വന്തം മക്കളെന്ന പോലെയാണ്
പശുക്കളെ പരിപാലിക്കുന്നത്. പശുക്കൾക്കെല്ലാം പേരുമുണ്ട്. അടുത്തെത്തി പേരു വിളിക്കുമ്പോൾ ഓരോന്നിനുമുണ്ട് തലയുയർത്തിയുള്ള സ്നേഹപ്രകടനം.
മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ആദ്യം ലഭിച്ചത് 2016-2017 വർഷമാണ്. കൊടുങ്ങല്ലൂരിലെ വീട്ടിലെത്താറുണ്ടെങ്കിലും മോഹൻദാസ് കൂടുതൽ സമയവും ഫാമിൽ തന്നെയായിരിക്കും. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. മൂത്ത രണ്ട് പെൺമക്കളും വിവാഹിതരാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് കഴിഞ്ഞെങ്കിലും ഇളയ മകൻ അച്ഛന് സഹായിയായി ഒപ്പം തന്നെയുണ്ട്.