hospi
കൊവിഡ് കാലത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച മാനന്തവാടി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിനുളള പുരസ്ക്കാരം ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ: ആർ.രേണുക സെന്റ് ജോസഫ്‌സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടന് നൽകുന്നു

കൊവിഡ് കാലത്തെ മാതൃകാപരമായ സേവനം


മാനന്തവാടി: കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് 2020 മാർച്ച് 11 മുതൽ സ്ഥലവും സാഹചര്യമൊരുക്കി ആതുരസേവനരംഗത്ത് മാതൃകയായ മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിനെ വയനാട് ജില്ലാ ആരോഗ്യ വകുപ്പ് അനുമോദിച്ചു.
ജില്ലാ ആശുപത്രി കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാത്രമായി മാറ്റിവയ്ക്കപ്പെട്ട സാഹചര്യത്തിൽ ഇതര രോഗികളുടെ, പ്രത്യേകിച്ച് സ്ത്രീരോഗ വിഭാഗങ്ങൾക്കും നവജാതശിശുക്കൾക്കും സർജറി ആവശ്യമായ സ്ത്രീകൾക്കും വേണ്ട പരിചരണം നൽകുന്നതിന് ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം, എൻ.ഐ.സി.യു, റൂമുകൾ, വാർഡുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ നൽകിക്കൊണ്ട് സ്വകാര്യ ആശുപത്രിയായ സെന്റ് ജോസഫ്‌സ് മിഷൻ ആശുപത്രി പ്രദേശവാസികളായ ആദിവാസി വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായകമായി.

കഴിഞ്ഞ 11 മാസങ്ങളിലായി 1241 സാധാരണ പ്രസവങ്ങൾ 464 സിസേറിയനുകൾ 106 മറ്റ് ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകി.

ജില്ല ആരോഗ്യ വകുപ്പിന്റെ പ്രതിനിധികളായി ഡിഎംഒ ഡോ.ആർ.രേണുക, ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ: ദിനേശ്, ജില്ലാ കൊവിഡ് നോഡൽ ഓഫീസർ ഡോ: ചന്ദ്രശേഖർ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ: നൂന, ജില്ലാ ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ഡോ: ദിനേശ്, ജില്ലാ ആശുപത്രി ആർഎംഒ ഡോ: സക്കീർ എന്നിവർ പങ്കെടുത്തു.
കൊവിഡ് ഇതര രോഗികളുടെ ചികിത്സയെ സംബന്ധിച്ച് ആശങ്ക നിലനിന്ന സാഹചര്യത്തിൽസെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിന്റെ മനുഷ്യത്വപരമായ സമീപനം ഏറെ സഹായകമായെന്നും ഇത്തരം ഒരു സേവനം സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്നും ഡി.എം.ഒ പറഞ്ഞു. ഗവൺമെന്റ് ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും നിലച്ചപ്പോഴും ഒരു അമ്മയോ കുഞ്ഞോ പോലും മരണപ്പെടാൻ ഇടയാകാത്ത വിധം സേവനം നൽകാൻ സാധിച്ചത് ഈ ആശുപത്രിയുടെ ഉദാര സമീപനം മൂലമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ദിനേശ് വ്യക്തമാക്കി.
സെന്റ് ജോസഫ്‌സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, അസി.ഡയറക്ടർ ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, അഡ്മിനിസ്‌ട്രേറ്റർ സി. സാൽവിൻ ആശുപത്രിയിലെ മറ്റു വിവിധ വകുപ്പു മേധാവികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫാ. മനോജ് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് ഫലകം ഏറ്റുവാങ്ങി. ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. സക്കീർ നന്ദി പറഞ്ഞു.