
കൽപ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി അഞ്ച് വർഷത്തേക്കുളള വയനാട് പാക്കേജ് പ്രഖ്യാപനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും രണ്ട് മന്ത്രിമാരും ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രിയുടെ വരവിനെ വയനാടൻ ജനത പ്രതീക്ഷയോടെയാണ് കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചുരം കയറ്റത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. കാർഷിക-ആദിവാസി മേഖലയുടെ സമഗ്ര പുരോഗതിക്കായിരിക്കും പാക്കേജിൽ ഊന്നൽ. അടിസ്ഥാന സൗകര്യവികസനം, തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കും മുൻതൂക്കം ലഭിക്കും. വിവാദമായ വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ താൽക്കാലികമായി തുടങ്ങാൻ തീരുമാനിച്ചിരുന്നു. വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും അടുത്ത നീക്കം. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് തുടങ്ങാനുള്ള തീരുമാനം പൊതുവെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ അമ്പതേക്കർ സ്ഥലം എന്ത് ചെയ്യുമെന്ന തീരുമാനം ഉണ്ടായിട്ടില്ല. ചേലോട് എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച തീരുമാനവും വരേണ്ടിയിരിക്കുന്നു. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ താലൂക്കിൽ സർക്കാർ നിയന്ത്രണത്തിലുളള വിവിധ സ്ഥലങ്ങൾ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കായി ഉപയോഗിക്കാനും നീക്കം തുടങ്ങി. മന്ത്രിമാരായ ഡോ. തോമസ് ഐസകും ഇ.പി ജയരാജനുമാണ് മുഖ്യമന്ത്രിക്കൊപ്പം വയനാട് എത്തുന്നത്. ജില്ലയുടെ മുഖ്യ കാർഷിക വിളയായ കാപ്പിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് കോഫി സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറലും മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. കാർബൺ ന്യൂട്രൽ കാപ്പിയെന്ന നിലയിൽ വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.കാലത്ത് പതിനൊന്ന് മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും.