ചേകാടി (വയനാട്) :''പിണറായി വിജയൻ സർക്കാരിനെ എന്തുപറഞ്ഞാണ് പുകഴ്ത്തേണ്ടതെന്ന് അറിയില്ല. ആത്മഹത്യയുടെ വക്കിൽ നിന്നാണ് ഞങ്ങളെ രക്ഷിച്ചത്, നൂറ് പുണ്യം കിട്ടും. ... '' വനാന്തരങ്ങളിൽ വന്യമൃഗങ്ങളോട് പടവെട്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം തീർന്നുപോയ ടി.സി. സുകുമാരൻ എന്ന ഏകാദ്ധ്യാപകന്റെ വാക്കുകളിൽ പ്രതീക്ഷയുടെ തെളിച്ചം . സ്ഥിരപ്പെടുത്തലിന്റെ പേരിൽ റാങ്ക് ലിസ്റ്റിലുളളവർ സമര മുഖത്താണ്. എന്നാൽ 1997ൽ ഡി.പി.ഇ.പിയുടെ കാലത്ത് ആരംഭിച്ച സംസ്ഥാനത്തെ നൂറ് കണക്കിന് ഏകാദ്ധ്യാപികമാരുടെ സങ്കടം പിണറായി വിജയൻ സർക്കാർ കണ്ടു. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 344 വിദ്യാ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച കൂട്ടത്തിൽ സുകുമാരനുമുണ്ട്.
പുൽപ്പളളി പഞ്ചായത്തിലെ കാനന മദ്ധ്യത്തിൽ ചേകാടിയിൽ ചന്ദ്രോത്ത് സ്ഥിതി ചെയ്യുന്ന ഏക അദ്ധ്യാപക വിദ്യാലയത്തിലെ ടി.സി.സുകുമാരന് ഇപ്പോൾ വയസ് നാൽപ്പത്തിയെട്ട് കഴിഞ്ഞു..ഇരുപത് വർഷം മുമ്പ് അദ്ധ്യാപകനായി എത്തിയതാണ്. ആദിവാസി കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഈ അദ്ധ്യാപകൻ അടക്കമുളളവരുടെ ലക്ഷ്യം. എന്നാൽ ജീവിത ചെലവ് ഏറിയപ്പോൾ ഇവരുടെ നിലനിൽപ്പ് വഴി മുട്ടി. ആദിവാസി കുട്ടികൾ ഇല്ലെങ്കിലും പൊതു വിദ്യാലയം മുന്നോട്ട് പോകുമെന്ന കാലം. എന്നാൽ കഥ മാറി. ആദിവാസി കുട്ടികൾ ഉണ്ടായാലെ പൊതു വിദ്യാലയം മുന്നോട്ട് പോകൂ എന്ന നിലയിൽ കാര്യങ്ങൾ എത്തി. അതോടെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ പ്രസക്തിയും കൂടി.
ആയിരം രൂപ ശമ്പളം വാങ്ങി ഒരു ജീവിതം മുഴുവൻ ഹോമിക്കപ്പെട്ടവരാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ. ഇടുക്കി,വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഈ വിദ്യാലയങ്ങൾ ആരംഭിച്ചത്. വയനാട്ടിൽ അറുപതോളം ഏകാദ്ധ്യാപക വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. മതിയായ ശമ്പളം ഇല്ലാത്തതിനാൽ മിക്കതും അടച്ചുപൂട്ടി .. ഇപ്പോൾ മുപ്പതോളം മാത്രം. പത്ത് വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ തുടരുന്ന മുന്നൂറ് വിദ്യാവോളണ്ടിയർമാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിലവിലുളളതോ ഭാവിയിൽ വരുന്നതോ ആയ ഒഴിവുകളിലേക്ക് നിയമിക്കാനാണ് സർക്കാർ തീരുമാനം.