
കൽപ്പറ്റ: വയനാടിന്റെ പിന്നാക്കാവസ്ഥ മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏഴായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ജില്ലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിലാണ് വയനാടിന്റെ സമ്പൂർണ വികസനത്തിന് അടുത്ത അഞ്ച് വർഷത്തിനകം നടപ്പാക്കാനാവുന്ന പദ്ധതികൾ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
വൈദ്യുതിപ്രസരണ ശൃംഖല ശക്തിപ്പെടുത്തും. കാപ്പി കിലോ 90 രൂപ നിരക്കിൽ സംഭരിക്കും. വയനാടൻ കാപ്പി എന്ന പേരിൽ ബ്രാൻഡിംഗ് നടത്തിയായിരിക്കും വിപണനം. കുരുമുളക് കൃഷി പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. പ്രതിവർഷം പത്ത് കോടി വീതം അഞ്ച് വർഷത്തിനിടയിൽ 50 കോടി ഇതിനായി വകയിരുത്തും.
വന്യജീവി ആക്രമണം നേരിടാൻ കിഫ്ബിയിൽ നിന്നുള്ള 100 കോടി രൂപ ലഭ്യമാക്കും. പട്ടികജാതി പട്ടികവർഗ ഫണ്ടിൽ നിന്നു പ്രതിവർഷം 150 കോടി രൂപ ജില്ലയ്ക്കായി അനുവദിക്കും. കാർഷികേതര മേഖലയിൽ 5000 പേർക്ക് പ്രതിവർഷം തൊഴിൽ ലഭ്യമാക്കും.
ചടങ്ങിൽ ധനമന്ത്രി ഡോ.തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജൻ കോഫീ സംഭരണ ഉദ്ഘാടനം നിർവഹിച്ചു.
 പ്രധാന പദ്ധതികൾ
കിഫ്ബി വഴി - 2000 കോടി
വൈദ്യുതി ബോർഡ് - 1000 കോടി
മെഡിക്കൽ കോളേജ് - 700 കോടി
കുടിവെള്ളം - 600 കോടി