
കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ വയനാട് മണ്ഡലത്തിൽ ഒരു വി.ഐ.പി പോരിന് വീണ്ടും കളമൊരുങ്ങുമെന്ന് സൂചന. വയനാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽപ്പെട്ട കൽപ്പറ്റയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയും വനിതാ കമ്മിഷൻ അദ്ധ്യക്ഷയുമായിരുന്ന കെ.സി. റോസക്കുട്ടി, മുൻ എം. എൽ. എയും യു.ഡി.എഫ് ജില്ലാ കൺവീനറുമായ എൻ.ഡി. അപ്പച്ചൻ എന്നിവരെയും പറഞ്ഞു കേട്ടിരുന്നെങ്കിലും മുല്ലപ്പള്ളിക്കു തന്നെയാണ് മുൻതൂക്കമെന്നാണ് സൂചനകൾ.
സി. പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എയും ജനകീയ മുഖവുമായ സി.കെ. ശശീന്ദ്രൻ തന്നെയായിരിക്കും എതിരാളി. എന്നാൽ എൽ.ഡി.എഫിൽ മുന്നണി ധാരണ പ്രകാരം സീറ്റ് എൽ.ജെ.ഡിക്ക് നൽകിയാൽ രാജ്യസഭാ സ്ഥാനം രാജിവച്ച് എം.വി. ശ്രേയാംസ് കുമാർ മത്സരിക്കാനും ഇടയുണ്ട്.
മാനന്തവാടിയിൽ ഇടത് മുന്നണിയിലെ സിറ്റിംഗ് എം.എൽ. എ ഒ.ആർ. കേളു വീണ്ടും മത്സരരംഗത്തേക്ക് വരും. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് കൊണ്ടുവന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയായിരിക്കും കേളുവിനെതിരെ വീണ്ടും മത്സരിക്കുക.
സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ വീണ്ടും മത്സരിക്കും. ഇടത് മുന്നണി സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷിനെ ഇറക്കുമെന്നാണ് വിവരം. യു.ഡി.എഫ് സീറ്റ് നൽകിയില്ലെങ്കിൽ കെ.പി.സി.സി സെക്രട്ടറിയായ എം.എസ്. വിശ്വനാഥൻ മത്സരിക്കുമെന്ന് സൂചനയുണ്ട്. കുറുമ സമുദായാംഗമായ എം.എസ്. വിശ്വനാഥനെ രണ്ട് തവണ നേതൃത്വം തഴഞ്ഞെന്ന പരാതി സമുദായത്തിനുണ്ട്.
ഐ.സി. ബാലകൃഷ്ണനും പി.കെ. ജയലക്ഷ്‌മിയും കുറിച്യസമുദായക്കാരാണ്. ഇരുവരും ബന്ധുക്കളുമാണ്. ഇൗ സാഹചര്യത്തിൽ കുറുമ സമുദായത്തിന് ഒരു സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസിന് കീറാമുട്ടിയാകും.