സുൽത്താൻ ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുനീങ്ങുന്നുവെന്നതാണ് കേരളകൗമുദിയുടെ ഉയർച്ചയ്ക്ക് അടിസ്ഥാനമെന്ന് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേശ് പറഞ്ഞു. കേരള കൗമുദി 110-ാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിലെ ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ:സ്ഥിത പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി നിലകൊണ്ട ഒരു പത്രം 110 വർഷം പിന്നിടുക എന്നത് വലിയ കാര്യമാണ്. മുഖ്യധാര പത്രങ്ങൾക്കിയിൽ തലയോടുപ്പോടെ തന്നെയാണ് കേരളകൗമുദിയുടെ നില്പ്. സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്നതാണ് ഈ പത്രമെന്ന തിരിച്ചറിവ് സാധാരണ ജനങ്ങൾക്കു പോലുമുണ്ട്.
കക്ഷിരാഷ്ട്രിയത്തിനതീതമായി ജനപക്ഷ പത്രപ്രവർത്തനമാണ് കേരളകൗമുദിയുടേത്. കേരളകൗമുദി പത്രം എന്തിന് വേണ്ടിയാണോ തുടങ്ങിയത്, ആ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് അണുവിട മാറാതെയാണ് ഇന്നും മുന്നോട്ടു നീങ്ങുന്നത്. പത്രത്തിന്റെ ഈ നയം തന്നെയാണ് വായനക്കാരെ അടുപ്പിച്ചു നിറുത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.
കേരളകൗമുദിയുടെ ജില്ലയിലെ മുതിർന്ന ഏജന്റുമാരെ ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷനായിരുന്നു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ മുഖ്യപ്രഭാഷണം നടത്തി. എന്നും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നതാണ് കേരളകൗമുദിയുടെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. പിഴവുകൾ ചൂണ്ടിക്കാണിച്ച് നേരായ മാർഗത്തിലേക്ക് സമൂഹത്തെ നയിക്കാൻ പത്രങ്ങൾക്കുള്ള കഴിവ് മറ്റൊന്നിനുമില്ല. ഈ കടമ കൃത്യമായി ചെയ്യുന്നുണ്ട് കേരളകൗമുദി.
എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ കൺവീനർ വി.ജി.സുരേന്ദ്രനാഥ് ആമുഖപ്രഭാഷണം നടത്തി. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ അർഹമായ പരിഗണനയോടെ അവതരിപ്പിക്കുന്നത് കേരളകൗമുദി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ പത്രപ്രവർത്തനപാത പിൻതലമുറക്കാർ അതേ പാരമ്പര്യത്തോടെ ഇന്നും അണുവിട വ്യതിചലിക്കാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ദീർഘവീക്ഷണമാണ് കേരളകൗമുദിയുടെ കൈമുതലെന്ന് ലൈബ്രറി കൗൺസിൽ സുൽത്താൻ ബത്തേരി താലൂക്ക് സെക്രട്ടറിയും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.കെ.സത്താർ പറഞ്ഞു. ജാതി വ്യവസ്ഥയെ എതിർത്ത ഗുരു മനുഷ്യരെ പരസ്പരം സ്‌നേഹിക്കാൻ പഠിപ്പിക്കുകയാണ് ചെയ്തത്.
പത്രത്തിന്റെ ഏജന്റുമാരെ ആദരിക്കുന്നതിനോ അർഹമായ പരിഗണന നൽകുന്നതിനോ പൊതുവെ ആരും തയ്യാറാകാറില്ല. എന്നാൽ ഏജന്റുമാർക്ക് അർഹമായ പരിഗണന നൽകി അവരെ ആദരിച്ചതിലൂടെ പത്രത്തിന്റെ യശസ് ഉയർത്തിയിരിക്കുകയാണ് കേരളകൗമുദിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേരളകൗമുദി നൽകുന്നതിനായി കേരള അക്കാഡമി ഒഫ് എൻജിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ്ബ് സി.വർക്കി സ്‌പോൺസർ ചെയ്ത പത്രം സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എറ്റുവാങ്ങി. പുൽപ്പള്ളി വിജയ ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ കെ.കെ.സോമനാഥൻ മാസ്റ്റർ, കേരള അക്കാഡമി ഓഫ് എൻജിനീയറിഗ് എം.ഡി. ജേക്കബ്ബ് സി.വർക്കി, എ.എസ്.ഐ മുരളി എന്നിവരും സംസാരിച്ചു. സർക്കുലേഷൻ മാനേജർ വി.വി.ദിലീപ്കുമാർ ഏജന്റുമാരെ പരിചയപ്പെടുത്തി. പ്രീതി പ്രകാശന്റെ ദൈവദശകം ആലാപനത്തോടെയായിരുന്നു ചടങ്ങിന്റെ തുടക്കം. വയനാട് ബ്യുറോചീഫ് പ്രദീപ് മാനന്തവാടി സ്വാഗതവും ബത്തേരി ലേഖകൻ എൻ. എ സതീഷ് നന്ദിയും പറഞ്ഞു.