കാട്ടിക്കുളം: സ്വന്തമായി വീട് വെക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ജയപ്രകാശിന് ക്ഷീര സദനം താങ്ങായി മാറി. മലബാർ മേഖലാ യൂണിയൻ പ്രഖ്യാപിച്ച നൂതന പദ്ധതിയാണിത്.

സംഘങ്ങളിലെ അംഗങ്ങളിൽ വീട് ഇല്ലാത്തവരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായ ക്ഷീര കർഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് വീട് നൽകുന്നത്. പനവല്ലി ക്ഷീര സംഘത്തിലെ അംഗമാണ് ജയപ്രകാശ്.
2020 ജൂലൈയിൽ മേഖല യൂണിയൻ ചെയർമാൻ കെ.എസ്.മണി തറക്കല്ലിട്ട് തുടക്കം കുറിച്ചു. എന്നാൽ തുടർന്നുണ്ടായ പ്രളയം സാധനസാമഗ്രികൾ എത്തിക്കുന്നതിന് തടസ്സമായി. പിന്നീട് കൊവിഡ് വ്യാപിച്ചതോടെ കണ്ടയ്‌ൻമെന്റ് സോൺ ആയി പ്രദേശത്തെ പ്രഖ്യാപിച്ചു. ഈ വെല്ലുവിളികളെ അതിജീവിച്ച് ഒക്ടോബറിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനമാണ് യൂണിയൻ അനുവദിച്ച 5 ലക്ഷം രൂപ കൊണ്ടുതന്നെ പൂർത്തീകരിച്ചത്.
മിൽമ ഉദ്യോഗസ്ഥർ, സംഘം ഭാരവാഹികൾ എന്നിവരുടെ സംയുക്ത കമ്മിറ്റി ആണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. വീടിന്റെ താക്കോൽ കെ.എസ്.മണി കൈമാറി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പനവല്ലി ക്ഷീര സംഘം സെക്രട്ടറി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ യൂണിയൻ ഭരണസമിതി അംഗം ടി.കെ.ഗോപി, കെ.സി.ജെയിംസ്, മലബാർ മിൽമ സീനിയർ മാനേജർ പി.എൻ.ഹരീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദു സുരേഷ് ബാബു, മലബാർ മിൽമ ജില്ലാ മേധാവി ടി ജയരാജ് തുടങ്ങിയവർ സംസാരിച്ചു.