rail

സുൽത്താൻ ബത്തേരി: നഞ്ചൻകോട്‌- നിലമ്പൂർ റെയിൽപാത പദ്ധതി അട്ടിമറിച്ചത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന്‌ നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. തലശ്ശേരി - മൈസൂർ റെയിൽപ്പാതയ്‌ക്ക് വേണ്ടിയാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രാനുമതി ലഭിച്ച നഞ്ചങ്കോട്‌-നിലമ്പൂർ റെയിൽപാത നടപ്പാക്കാതിരുന്നതെന്ന ഇ. ശ്രീധരന്റെ വെളിപ്പെടുത്തലോടെ പദ്ധതി അട്ടിമറിക്കുന്നതിന് ആസൂത്രിതമായ ഗൂഢനീക്കങ്ങൾ നടന്നു. 2016ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻകോട്‌- നിലമ്പൂർ റെയിൽപാതയ്ക്ക് അനുമതി നൽകിയശേഷം 3000കോടി രൂപയുടെ കേന്ദ്രവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇത് തലശ്ശേരി മൈസൂർ റെയിൽപ്പാതയ്ക്കായി വകമാറ്റുന്ന നീക്കങ്ങളാണ്‌ കണ്ടത്. റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ഡിഎംആർസിയെ ചുമതലപ്പെടുത്തുകയും ഡിഎംആർസി പദ്ധതി ഏറ്റെടുത്തശേഷം ഇ.ശ്രീധരൻ കൽപ്പറ്റയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗംവിളിച്ച് പദ്ധതിഅവലോകനം നടത്തുകയും ചെയ്തിരുന്നു. മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ കൺവെൻഷൻ വിളിച്ച് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി. ടണലുകൾവഴി ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന റെയിൽപ്പാതയ്ക്ക് അനുമതി നൽകുന്നതിന് എതിർപ്പില്ലെന്നും വനംപരിസ്ഥിതിവകുപ്പിന്റെ അനുമതിക്കായിസംയുക്തമായി കേന്ദ്രത്തെ സമീപിക്കാമെന്നും അറിയിച്ച് കർണാടകം കേരളത്തിന്കത്ത്‌നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡിഎംആർസിയെ കൊണ്ടുതന്നെ തലശ്ശേരി-മൈസൂർ പാതക്കുവേണ്ടി കേരളസർക്കാർസർവേ നടത്തിച്ചു. പദ്ധതി പ്രായോഗികമല്ലെന്ന്ഡിഎംആർസി റിപ്പോർട്ട്‌നൽകിയതിനെ തുടർന്നാണ്‌ കേരളം കൊങ്കൺ റെയിൽവേ കോർപ്പറേഷനെ തലശ്ശേരി-മൈസൂർ പാതയുടെ സർവേ ഏൽപ്പിക്കുന്നത്‌. തിരഞ്ഞെടുപ്പ്അടുത്തതോടെ റെയിൽ ഡെവലപ്പ്മെന്റ്‌ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നപേരിൽ ചിലരെക്കൊണ്ട് തലശ്ശേരി-കൽപ്പറ്റ റെയിൽപാതയുടെ സർവേ നടത്തുകയാണ്.കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ അനുമതി തലശ്ശേരി- കൽപ്പറ്റ റെയിൽപ്പാതയ്ക്കില്ലെന്നും ആക്ഷൻ കമ്മിറ്റിവ്യക്തമാക്കി. കൺവീനർ അഡ്വ.ടി. എം റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ മത്തായി, വി.മോഹനൻ, എം.എ അസൈനാർ, ഫാ. ടോണി കോഴമണ്ണിൽ, സിഅബ്ദുൽ റസാഖ് , ജോസ്‌കപ്യാർമല , നാസർകാസിം ,ജോയിച്ചൻ വർഗീസ്, ലക്ഷ്മൺദാസ്‌ ജേക്കബ്‌ ബത്തേരി എന്നിവർ പ്രസംഗിച്ചു.