
വയനാട് കോൺഗ്രസിൽ നിന്ന് കൂട്ട പലായനം
സുൽത്താൻ ബത്തേരി : തിരഞ്ഞെടുപ്പ് തീയതി കുറിച്ചിരിക്കെ മുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി. സ്ഥാനാർത്ഥി പട്ടികയിലോ പാർട്ടിയിലോ അർഹമായ സ്ഥാനം കിട്ടാത്തവരുടെ മറുകണ്ടം ചാടലിനും വേഗത കൂടിയിട്ടുണ്ട്. എൽ.ഡിഎഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും അസംതൃപ്തരായി നിന്നുപോന്നവരാണ് തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തോടെയാണ് അസംതൃപ്തരുടെ എണ്ണം എല്ലാ പാർട്ടികളിലും വർദ്ധിച്ചത്. അസംതൃപ്തരെ അനുനയിപ്പിക്കാൻ സമയം കിട്ടുന്നതിന് മുമ്പെ നിയമസഭ തിരഞ്ഞെടുപ്പ് വന്നത് പാർട്ടികൾക്കും തലവേദനയായിട്ടുണ്ട്. തിരഞ്ഞെടുപ്പാണ് സുവർണാവസരമെന്ന് കണ്ടാണ് പല നേതാക്കളും കിട്ടാവുന്ന അണികളെയും കൂട്ടി മറ്റ് പാർട്ടികൾ തേടി പോകുന്നത്.
കോൺഗ്രസിലാണ് അസംതൃപ്തർ എണ്ണത്തിൽ കൂടുതൽ. ഇവരിൽ നേതാക്കൾ ഉൾപ്പെടെ പലരും പാർട്ടി വിട്ടു. കുറെയധികം പേർ പാർട്ടി വിടാൻ ഒരുങ്ങി നിൽക്കുകയുമാണ്. പാർട്ടി നേതൃത്വം തങ്ങളെ നിരന്തരം അവഗണിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം. വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ അനിൽകുമാറിന്റെ കൂടുമാറ്റം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. രാജിവെച്ച അനിൽകുമാർ എൽ.ജെ.ഡിയിൽ ചേർന്ന് പ്രവർത്തനവും തുടങ്ങി. കോൺഗ്രസിലെ മറ്റ് മൂന്ന് പ്രമുഖ നേതാക്കളും കൂടുമാറ്റത്തെ കുറിച്ച് രഹസ്യ ചർച്ച നടത്തിയതായാണ് സൂചന. ഇതിനിടെ കോൺഗ്രസിൽ നിന്ന് നേതാക്കളെയും അണികളെയും ചാക്കിട്ടുപിടിക്കാൻ പ്രാദേശിക -ജില്ലാ തലങ്ങളിൽ തിരക്കിട്ട ചർച്ചകളും വാഗ്ദാനങ്ങളുമായി പല പാർട്ടികളും രംഗത്തിറങ്ങിയിട്ടുമുണ്ട്. നേരത്തെ ജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാനുമായ പി.എം ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫിലെ ദളിത് ലീഗ് നേതാവുമായ എ.ദേവകി ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽ.ജെ.ഡിയിൽ ചേർന്നിരുന്നു.
അണിയറയിൽ പൊരിഞ്ഞ് സ്ഥാനാർത്ഥി നിർണയം
സുൽത്താൻ ബത്തേരി : ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ കൽപ്പറ്റ ഒഴികെ ബത്തേരിയും മാനന്തവാടിയും പട്ടിക വർഗ സംവരണ സീറ്റുകളാണ് കൽപ്പറ്റ മാത്രമാണ് ജനറൽ സീറ്റ് . ബത്തേരിയിൽ രണ്ട് പ്രാവശ്യം വിജയിച്ച ഐ.സി.ബാലകൃഷ്ണനാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെന്ന് ഏറെകുറെ ഉറപ്പാക്കി കഴിഞ്ഞു. അതെ സമയം രണ്ട് പ്രാവശ്യം നിന്ന ഐ.സി.ബാലകൃഷ്ണന് വീണ്ടും സീറ്റ് നൽകരുതെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. പട്ടിക വർഗത്തിലെ ഭൂരിപക്ഷ സമുദായമായ കുറുമ സമുദായത്തിൽപ്പെട്ടവർക്ക് സീറ്റ് നൽകണമെന്നാണ് ബാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നവർ പറയുന്നത്.
എന്നും യു.ഡി.എഫിനൊപ്പം നിന്ന നിയോജകമണ്ഡലമാണ് ബത്തേരി . 2011-ൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ലീഡിലാണ് ബാലകൃഷ്ണൻ ജയിച്ചതെങ്കിൽ 2016 ൽ പതിനൊന്നായിരത്തിൽപ്പരം വോട്ടിന്റെ ലീഡായി വർദ്ധിച്ചു. ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫിന് നല്ലൊരു സ്ഥാനാർത്ഥിയെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കണ്ടെത്താൻ കഴിയാത്തതാണ് പരാജയത്തിന് പ്രധാന കാരണം. എങ്കിലും കഴിഞ്ഞ തവണ 6454 9വോട്ട് എൽ.ഡി.എഫിന് നേടാനായി. നിലവിൽ ചെറുപ്പക്കാരായ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബത്തേരി നഗരസഭ ചെയർമാനായ ടി.കെ രമേശ് , എ.എം പ്രസാദ് ,വാസുദേവൻ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ എന്നും അവഗണനയേറ്റു വാങ്ങേണ്ടി വന്ന ഒരു കെ.പി.സി.സി അംഗത്തിന്റെ പേരും ഇടതു സ്ഥാനാർത്ഥി പട്ടികയിൽ പറഞ്ഞുകേൾക്കുന്നു.
കൽപ്പറ്റ സീറ്റ് എൽ.ജെ.ഡിക്കാണ് പറഞ്ഞുവെച്ചിരിക്കുന്നത്. ബത്തേരി, കൽപ്പറ്റ സീറ്റുകൾ സി.പി.എമ്മുമായി വെച്ചുമാറിയാലും എൽ.ജെ.ഡിക്ക് ബത്തേരി സീറ്റിലേക്ക് നിർത്താൻ കരുത്തനായ ഒരു സ്ഥാനാർത്ഥിയെ എൽ.ജെ.ഡി കണ്ടുവെച്ചിട്ടുണ്ട്. എൻ.ഡി.എയിൽ പ്രധാനമായും ഉയർന്ന് കേൾക്കുന്നത് പള്ളിയറ മുകുന്ദന്റെ പേരാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയമാണ് ജില്ലയിലെ കോൺഗ്രസിനെ കാര്യമായി ബാധിച്ചത്. ചില സമുദായങ്ങളെ പ്രീതിപ്പെടുത്തുന്ന നയമാണ് ഡി.സി.സി നേതൃത്വം സ്വീകരിച്ചതെന്നാണ് കോൺഗ്രസിലെ അസംതൃപ്ത വിഭാഗം പറയുന്നത്.