lara

ആലപ്പുഴ: കൊവിഡിന്റെ മൂർദ്ധന്യത്തിലും രാപ്പകലില്ലാതെ ആതുര സേവനം തുടർന്ന വസന്തി ലാറയാണിപ്പോൾ കേരളത്തിന്റെ റിയൽ ഹീറോ. കൊവിഡ് മുന്നണിപ്പോരാളിയായി ദേശീയ വനിതാ കമ്മിഷൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ഏക ആരോഗ്യപ്രവർത്തക.. 'കൊവിഡ് വിമൻ വാരിയേഴ്സ്, ദി റിയൽ ഹീറോ' അവാർഡ് ജേതാവ്.

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറാണ്, ആലപ്പുഴ മുല്ലയ്ക്കൽ വാർഡ് സാറാ വില്ലയിൽ ഷെബീർ ഖാന്റെ ഭാര്യ വസന്തി ലാറ. കഴിഞ്ഞ ദിവസം ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ലാറയുടെ പേര് നിർദേശിച്ചത് ആലപ്പുഴ ഡി.എം.ഒ ഡോ. എൽ.അനിത കുമാരിയാണ്. മറ്റ് ജില്ലകളിൽ നിന്ന് ഡോക്ടർമാരുടെ പേരുകൾ വരെ വന്നിട്ടും വസന്തിയുടെ സേവനത്തിനു തുല്യം നിൽക്കാൻ അവർക്കായില്ല. ആലപ്പുഴ നഗരസഭാ പരിധിയിലെ കൊവിഡ് രോഗികളുടെ ചുമതലയായിരുന്നു ആദ്യം വാസന്തിക്ക്. പിന്നീട് ജില്ലയൊട്ടാകെ കൊവിഡ് രോഗികളുടെ സന്തത സഹചാരിയായി.

വർക്കല മിഷൻ ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയ ശേഷം 1989ൽ എംപ്ലോയ്മെന്റ് വഴി മലപ്പുറം ഒമാന്നൂരിൽ പ്രൈമറി ഹെൽത്ത് സെന്ററിലായിരുന്നു ആദ്യം ജോലി .1991ൽ ഹെൽത്ത് ഇൻസ്പെക്ടറായി പി.എസ്.സി നിയമനം .ആലപ്പുഴയിൽ കോളറ പടർന്നുപിടിച്ച സമയത്ത് കുട്ടനാട് കുപ്പപ്പുറം തുരുത്തിൽ ജോലി ചെയ്ത് മാതൃകയായി. പ്രളയകാലത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിറുത്തി 2018 ലെ നഴ്സിംഗ് ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അവാർഡും ലഭിച്ചിരുന്നു.

മകൻ ഡോ.ഇസ്മയിൽ ഷെബീർ അമ്പലപ്പുഴയിൽ ദന്ത ഡോക്ടറാണ്. മകൾ സാറ ലാറ ഖാൻ യൂറോപ്പിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി.

പുരസ്കാര നിറവിലും വസന്തിക്ക് ഒരു സങ്കടം ബാക്കി. ഇത്രയും വലിയ അംഗീകാരം ലഭിച്ചിട്ടും സംസ്ഥാന സർക്കാരിൽ നിന്നോ ആരോഗ്യ മേഖലയിൽ നിന്നോ ഫോണിലൂടെ പോലും ആരും അനുമോദിച്ചില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിലെ സഹപ്രവർത്തകരിൽ അനുമോദനം ഒതുങ്ങി.

തനിക്ക് ലഭിച്ച അംഗീകാരത്തിന് ഡി.എം.ഒ ഡോ.എൽ. അനിതകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.ജമുന വർഗീസ്, സഹപ്രവർത്തകർ തുടങ്ങിയവർക്ക് വാസന്തി നന്ദി പറയുന്നു. ഒപ്പം, കുടുംബം നൽകിയ പിന്തുണയ്ക്കും.