ആലപ്പുഴ: കായലിലെ മത്സ്യങ്ങളെ അനധികൃതമായി കോരിയെടുത്ത് മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നവരെ കുടുക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ഊർജ്ജിതമാക്കി.

വേനൽക്കാലത്ത് ജില്ലയിൽ നഞ്ച് കലർത്തിയുള്ള മീൻപിടിത്തം വ്യാപകമാണ്. ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെയാണ് അനധികൃത മീൻ പിടിത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 15,000 രൂപ പിഴയും ആറ് മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് നടപടി സ്വീകരിക്കാം.

പുഴയിലും ഉൾനാടൻ ജലാശയങ്ങളിലുമുള്ള ശുദ്ധജല മത്സ്യങ്ങൾ അശാസ്ത്രീയമായി പിടിക്കപ്പെടുന്നതു തടയാൻ ഫലപ്രദമായ സംവിധാനമില്ല. ഇത്തരം മത്സ്യബന്ധനം 2010 മുതൽ നിരോധിച്ചിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ല. കടലിൽ ട്രോളിംഗ് നിരോധനം പോലെ കായലിലും മീനുകളുടെ പ്രജനന സമയം കണക്കാക്കി 5 ദിവസത്തേക്കെങ്കിലും പൂർണമായ നിരോധനം കൊണ്ടുവരണമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ ആവശ്യം.

..........................................

അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവരെ തടയാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരക്കാർക്ക് ആദ്യം ബോധവത്കരണം നൽകും. നിയമവിരുദ്ധ മത്സ്യബന്ധനം തുടർന്നാൽ നടപടി സ്വീകരിക്കും

(ഫിഷറീസ് അധികൃതർ)