
വില്ലനായി ഓരുവെള്ളം, വേനൽച്ചൂട്
ആലപ്പുഴ: വേനലിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ കുട്ടനാട്ടിലെ തോടുകളിൽ കെട്ടിക്കിടക്കുന്ന പോളപ്പായൽ നാട്ടുകാരെ വീർപ്പുമുട്ടിക്കുകയാണ്. പോളപ്പായൽ ഉണ്ടാക്കുന്ന ദുരിതം ഇങ്ങനെ. ചീഞ്ഞളിഞ്ഞ പായലിൽ നിന്നുയരുന്ന ദുർഗന്ധം, പിന്നെ തുണികഴുകാൻ പോലും പറ്റാത്ത തരത്തിൽ വെള്ളം മലിനമാകൽ.
ഓരുവെള്ളം കയറിയതും വേനൽ കടുത്തതുമാണു കെട്ടിക്കിടക്കുന്ന പായൽ ചീഞ്ഞു ദുർഗന്ധം പരത്താൻ കാരണം. തോടുകളിലെ വെള്ളമാണ് പാത്രം കഴുകാനും തുണി അലക്കുവാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്.
എന്നാൽ വേനൽകടുക്കുന്നതിന് മുമ്പ് വെള്ളം മലിനമായത് ആളുകളെ ആശങ്കയിലാഴ്ത്തുകയാണ്.
ചെമ്മീനും ചെറുമീനും ഭീഷണി
പായൽ ചീഞ്ഞളിയാൻ തുടങ്ങുന്നതു മത്സ്യ സമ്പത്തിനു ഭീഷണിയാണ്. ചെറിയ മീനുകളെയും ചെമ്മീൻ കുഞ്ഞുങ്ങളെയുമാണ് ഇതു വൻതോതിൽ ബാധിക്കുന്നത്. കൂടാതെ പ്രദേശത്തു കൊതുകുശല്യവും രൂക്ഷമാണ്. വെള്ളം മലിനമായാൽ കുട്ടനാട്ടിൽ പകർച്ചവ്യാധി പോലുള്ള രോഗങ്ങൾക്കും കാരണമാകാം. ഇപ്പോൾ തന്നെ ഡെങ്കി,എലിപ്പനി, മഞ്ഞപിത്തം പോലെയുള്ള രോഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്.
പോള നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാൽ ഇതിനു പലപ്പോഴും ഇവർ തയ്യാറാകാത്തതാണു പ്രശ്‌നങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറഞ്ഞു. കുട്ടനാട്ടിൽ വിളവെടുപ്പ് പല പ്രദേശങ്ങളിൽ നടക്കുന്നതിനാൽ പാടശേഖ സമിതികൾ കാശ് കൊടുത്താണ് പോള നീക്കം ചെയ്യുന്നത്. കൃഷിക്ക് മുമ്പായി പാടശേഖരങ്ങളിലെ പോള കളയാൻ ഒരേക്കറിന് 10000 രൂപ വരെയാണ് ചെലവ്.
...........
പോളയുടെ ഉപദ്രവങ്ങൾ
 ആഴത്തിൽ വളരുന്ന പോള ജലാശയങ്ങളിലെ ഒഴുക്കിനെ ബാധിച്ചു.
 സൂര്യപ്രകാശം വെള്ളത്തിനടിയിലേക്ക് എത്താത്തത് സൂക്ഷ്മ ജീവികളുടെ അളവിനെ കുറച്ചു.
 കായൽ മേഖലയിലെ കൃഷി ആവശ്യങ്ങൾക്കും നെല്ല് സംഭരണ വേളയിലും ചരക്കു നീക്കത്തിന് ഭീഷണി
 കുട്ടനാട്ടിലെ ജലഗതാഗതത്തിന് പലപ്പോഴും തടസം.
......
23
പോള നീക്കാൻ പൊടിച്ചത് 23 കോടി
കൃഷിക്കും ടൂറിസത്തിനുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി 2012ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പോള നിർമാർജനത്തിന് 30 കോടി നീക്കിവച്ചു. 23 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്കുകൾ. എന്നാൽ, പോള പോയില്ല.
......
'' കുട്ടനാട് പാക്കേജ് നടപ്പാക്കിയാൽ മാത്രമേ പോളയുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ കഴിയുകയുള്ളൂ. വേനൽക്കാലം എത്തിയാൽ പോള ചീഞ്ഞ് ജനങ്ങൾക്ക് ദുരിതമാണ്. ദുർഗന്ധം കാരണം ആഹാരം പോലും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതർ കൃത്യമായി പ്രശ്നത്തിന് പരിഹാരം കാണണം.
(സുനിൽ, കൈനകരി )