sudhanshu-sarangi

ഒഡീഷ മുഖ്യമന്ത്രിയായിരുന്ന ജെ.ബി. പട്നായിക്കിന്റെ കസേര തെറിപ്പിച്ച കൂട്ട ബലാത്സംഗകേസിൽ 22 വർഷത്തിനുശേഷം അപ്രതീക്ഷിത ട്വിസ്റ്റ്. പതിനായിരക്കണക്കിന് തൊഴിലാളികൾക്കിടയിൽ രണ്ടു പതിറ്റാണ്ട് മാന്യനായി വിലസിയ മുഖ്യപ്രതിയെ പൊലീസ് നാടകീയമായി പിടികൂടി. എന്നാൽ ഒരു നാടിനെ നടുക്കിയ കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതിക്ക് ഇത്രയും നാൾ എങ്ങനെ ഒളിവിൽ കഴിയാൻ സാധിച്ചു എന്നതുൾപ്പെടെ ഒരുപാട് ചോദ്യശരങ്ങൾ ഉയരുന്നു. 2007 മുതൽ ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി വീട്ടിലേക്ക് അയച്ചുകൊടുത്തിരുന്ന കട്ടക്ക് സ്വദേശിയായ ബിബേകാനന്ദ ബിസ്വാൾ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ കണ്ണിൽപോലും പെട്ടില്ല. അതോ, സി.ബി.ഐ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ ലോബിയുടെ ചട്ടുകമായി കണ്ണടച്ചതോ?. ഒടുവിൽ ഭുവനേശ്വർ സിറ്റി പൊലീസ് കമ്മിഷണർ സുധാൻഷു സാരംഗി ആ പെൺകുട്ടിയ്ക്ക് നീതി തേടിക്കൊടുത്തു. ചങ്കുറപ്പും ദൃഢനിശ്ചയവും നിറഞ്ഞ ഒരു പോരാട്ടമായിരുന്നു അത്.

1999 ജനുവരി ഒമ്പത്

29 കാരിയായിരുന്ന ആ യുവതിയുടെ മനസിൽ നിന്ന് മായാത്ത ദിനം. ഭുവനേശ്വറിൽ നിന്ന് കട്ടക്കിലേക്ക് കാർ യാത്രയിലായിരുന്നു യുവതി. മാദ്ധ്യമപ്രവർത്തകനായ സുഹൃത്തും ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. യാത്രയ്‌ക്കിടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം വാഹനം തടഞ്ഞ് അതിക്രമിച്ച് കയറി. ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടി കാർ വിജനമായ സ്ഥലത്തെത്തിച്ചു. പിന്നീട് കാറിൽ നാലുമണിക്കൂർ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. സുഹൃത്തിനെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും സംഘം തട്ടിയെടുത്തു. ഒഡീഷയെ ഞെട്ടിച്ച സംഭവം രാഷ്ട്രീയ കൊടുങ്കാറ്റായി വീശിയടിക്കാൻ വലിയ താമസമുണ്ടായില്ല. യുവതി പട്നായിക്കിനെതിരെ ഉന്നയിച്ച ആരോപണമായിരുന്നു പ്രധാന വഴിത്തിരിവ്.

സംഭവത്തിന് 18 മാസം മുമ്പ് യുവതി ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡന പരാതി നൽകിയിരുന്നു. ഇയാളെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് മൂന്നംഗ സംഘം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പറഞ്ഞു. വിവാദം കത്തി പടർന്നതോടെ ജെ.ബി. പട്നായിക്ക് രാജിവച്ചു. ഒരു വർഷത്തിനുള്ളിൽ യുവതിയുടെ പരാതിയിൽ ഉദ്യോഗസ്ഥൻ അറസ്‌റ്റിലാകുകയും മൂന്നു വർഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്‌തു. ബലാത്സംഗ കേസ് സി.ബി.ഐക്ക് കൈമാറിയതോടെ പ്രതികളായ പ്രദീപ് കുമാർ സാഹു, ധീരേന്ദ്ര മൊഹന്തി എന്നിവർ അറസ്റ്റിലായി. എന്നാൽ, മുഖ്യപ്രതിയായ ബിബേകാനന്ദ ബിസ്വാളിനെ പിടികൂടാൻ കഴിഞ്ഞില്ല. മറ്റ് രണ്ടു പേർക്കും ജീവപര്യന്തമായിരുന്നു ശിക്ഷ. രോഗബാധിതനായ പ്രദീപ് കുമാർ കഴിഞ്ഞ വർഷം ജയിലിൽ മരിച്ചു

2020 നവംബർ

ഭുവനേശ്വർ പൊലീസ് കമ്മിഷണർ സുധാൻഷു സാരംഗി ഒരു കേസുമായി ബന്ധപ്പെട്ട് ചൗദ്വാർ ജയിലിലെത്തി. അപ്രതീക്ഷിതമായി ധീരേന്ദ്ര മൊഹന്തിയുമായി സമാഗമം. ഏതു കേസിലാണ് ശിക്ഷിപ്പെട്ടതെന്ന കമ്മിഷണറുടെ ചോദ്യത്തിന് മറുപടിയായി വിവാദ കൂട്ടബലാത്സംഗ കേസിന്റെ ഓർമ്മപ്പെടുത്തൽ. മുഖ്യപ്രതി ഇതുവരെ അറസ്‌റ്റിലായിട്ടില്ലെന്ന വിവരം സുധാൻഷുവിന്റെ മനസിൽ ഉടക്കി. കട്ടക്കിലെ പൊലീസ് സ്‌റ്റേഷനിൽ പൊടിപിടിച്ചു കിടന്ന ഫയൽ തപ്പിയെടുത്ത കമ്മിഷണർ ഒരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ആ മനസു നിറയെ ഇരയ്‌ക്കുള്ള നീതി മാത്രമായിരുന്നു. സുധാൻഷുവിന്റെ സംഘത്തിൽ നാല് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. അന്വേഷണവിവരത്തെക്കുറിച്ച് മറ്റാർക്കും അറിവുണ്ടായിരുന്നില്ല.

2021 ഫെബ്രുവരി 19

സുധാൻഷു സാരംഗിയുടെ നീക്കങ്ങൾ വളരെ വേഗത്തിലായിരുന്നു. അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർ വിമാനത്തിൽ പൂനെയിലേക്ക് തിരിച്ചു. ഒഡിഷ - മഹാരാഷ്ട്ര പൊലീസിന്റെ സംയുക്ത പരിശോധനയിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്ന് ബിബേകാനന്ദയെ പിടികൂടി. എല്ലാം തുറന്നു പറയാം, എത്രയും വേഗം ഇവിടെ നിന്ന് കൊണ്ടുപോകണമെന്നായിരുന്നു പ്രതിയുടെ ആദ്യപ്രതികരണം. എന്നാൽ, ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തിലും പ്രതി കുറ്റം സമ്മതിച്ചില്ല.

ബിബേകാനന്ദ കുടുംബവുമായി ബന്ധം പുലർത്തുന്നതായി അന്വേഷണസംഘത്തിന് തുടക്കത്തിൽ സൂചന ലഭിച്ചിരുന്നു. എന്നാൽ, ഭാര്യ ഇക്കാര്യം നിഷേധിച്ചു. കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ ഭർത്താവിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു അവരുടെ നിലപാട്. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ജോലിയൊന്നുമുണ്ടായിരുന്നില്ല. അവരുടെ ജീവിതമാണ് അന്വേഷണസംഘം ആദ്യം നിരീക്ഷിച്ചത്. കട്ടക്കിലെ നരൻപൂർ ഗ്രാമത്തിലുള്ള ബിബേകാനന്ദയുടെ ഭൂമി വിൽക്കാൻ ശ്രമം നടത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് കേസിൽ നിർണായകമായ നീക്കങ്ങൾക്ക് തുണയായി. പൂനെയിൽ താമസിക്കുന്ന ജലന്ധർ സ്വൈൻ എന്നയാൾ ബിബേകാനന്ദയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാസംതോറും പണം അയയ്‌ക്കുന്നതും പൊലീസ് കണ്ടെത്തി. ഇതാരെന്ന ചോദ്യത്തിന് അവർ വ്യക്തമായ ഉത്തരവും നൽകിയില്ല. സ്വന്തമായി പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുള്ള ജലന്ധർ തന്നെയാണ് ബിബേകാനന്ദ ബിസ്വാളെന്ന് പൊലീസ് ഉറപ്പിച്ചു. 2007 മുതൽ പൂനെയിലെ ആംവി വാലിയിലെ തൊഴിലാളി ബാരക്കുകളിലാണ് പ്രതി കഴിഞ്ഞിരുന്നത്. പ്ളംബ്ബിഗായിരുന്നു ജോലി. ഒരു വലിയ ആൾക്കൂട്ടത്തിൽ അണലിയെ പോലെ ഒരു കൊടുംകുറ്റവാളി ഒളിച്ചിരുന്നുവെന്നത് പൊലീസിനെയും ഞെട്ടിച്ചു.

ആധാർ കാർഡിൽ ജലന്ധർ സ്വൈൻ എന്നായിരുന്നു പേര്. സ്വദേശം സ്വന്തം ഗ്രാമം തന്നെയായിരുന്നു. പിതാവിന്റെ പേര് പൂർണാനന്ദ ബിസ്വാളിന് പകരം പി. സ്വൈൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കട്ടക്കിൽ നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരാളില്ലെന്ന് കണ്ടെത്തി. ഒടുവിൽ താൻ തന്നെയാണ് ബിബേകാനന്ദ ബിസ്വാളെന്ന് ജലന്ധർ സമ്മതിച്ചു.

യുവതി മുഖ്യമന്ത്രിക്കെതിരെ വരെ ആരോപണമുന്നയിച്ച സാഹചര്യത്തിൽ ബിബേകാനന്ദയുടെ അറസ്‌റ്റിനു ശേഷവും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ തന്നെ മുഖ്യആസൂത്രകൻ ഇയാളാണെന്ന് പറയുന്നുണ്ട്. സംഭവ സ്ഥലത്തുനിന്ന് എങ്ങനെ രക്ഷപ്പെട്ടു, 2007 ന് മുമ്പ് എവിടെയായിരുന്നു, ഇത്രയും നാൾ അന്വേഷണസംഘങ്ങൾക്ക് എന്തുകൊണ്ട് കണ്ടെത്താനായില്ല, എങ്ങനെ ജോലി ലഭിച്ചു തുടങ്ങി ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു.

പീഡനക്കേസുകളിൽ ഇരകൾക്ക് നീതി വൈകുന്നത് ആദ്യസംഭവമല്ല. പലവിധ സമ്മർദ്ദങ്ങളിൽ അന്വേഷസംഘങ്ങൾ നിർജ്ജീവമാകുന്നതോടെ പ്രതികൾ നിയമത്തിന്റെ മുന്നിലെത്താൻ വൈകുന്നുവെന്നതാണ് വാസ്‌തവം. കേരളത്തിൽ രാഷ്‌ട്രീയ വിവാദം സൃഷ്‌ടിച്ച സൂര്യനെല്ലി കേസിലെ മുഖ്യപ്രതിയായ അഡ്വ. ധർമ്മരാജനെ വർഷങ്ങൾക്ക് ശേഷമാണ് ഒരു ക്വാറിയിൽ നിന്ന് പിടികൂടിയത്. തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്നു. പീഡനക്കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പ്രതിഭാഗം പലകാരണങ്ങൾ നിരത്തി വിചാരണ വൈകിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി ചോദിച്ച ജഡ്ജിക്ക് അനുമതി നൽകിയെങ്കിലും ഇനി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് നല്ല സന്ദേശമാണ്.

ഓപ്പറേഷൻ സൈലന്റ് വൈപ്പർ

വൈപ്പർ എന്നാൽ അണലി. ആരുടെയും ശ്രദ്ധയിൽ പെടാതെ നിശബ്ദമായി ചുറ്റുപാടുകളുമായി ഇണങ്ങിയിരിക്കാനുള്ള കഴിവ് അണലി എന്ന പാമ്പിനുണ്ട്. 22 വർഷമായി പകൽ വെളിച്ചത്തിൽ പതുങ്ങിയിരിക്കുന്ന പ്രതിയെ കണ്ടെത്താനുള്ള ഓപ്പറേഷനും അനുയോജ്യമായ പേര് നൽകുകയായിരുന്നു.