ആലപ്പുഴ: അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ആധുനിക ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കും.ഇത് ജില്ലയിൽ കന്നുകാലി വളർത്തുന്നവർക്കും മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആശ്വസകരമാകും. 20ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 'സ്കാൻ റാഡ് 400 എം.എം മെഷീൻ' ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തി. മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന നടത്താൻ കമ്പനി നിയോഗിച്ച എൻജിനീയർ ഇന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം സന്ദർശിക്കും. നിലവിലെ ലാബിനോട് ചേർന്നുള്ള ഭാഗത്താണ് എക്സറേ യൂണിറ്റ് സ്ഥാപിക്കുക. സ്കാൻ റാഡ് 400എം.എം മെഷീൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കേന്ദ്രമാണ് ആലപ്പുഴ.

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലും തൃശൂരിൽ സ്വകാര്യ ആശുപത്രിയിലുമാണ് സ്കാൻ റാഡ് 400എം.എം മെഷ്യൻ സ്ഥാപിച്ചിട്ടുള്ളത്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുൻകൈയെടുത്താണ് മെഷീൻ വാങ്ങാൻ തുക നീക്കിവെച്ചത്. തൃശ്ശൂരിലുള്ള സ്വകാര്യ സ്ഥാപനമാണ് കരാർ എടുത്തത്. മെഷീൻ പ്രവർത്തിക്കുന്നതിന് മുറിയിൽ ഹൈപവർ ബോർഡ് ഇ.എൽ.സി.ബി സ്ഥാപിക്കുന്നതിന് 1,83,000രൂപ അധികമായി അനുവദിച്ച് ജോലികൾ പൂർത്തികരിച്ചു.

മെഷീന്റെ പ്രത്യേകത

രോഗം ബാധിച്ച മൃഗങ്ങളെ മെഷീന്റെ ടേബിളിൽ കിടത്തി ബെൽറ്റ് ഇട്ട് എക്സ്റേ എടുക്കേണ്ടഭാഗം അടയാളപ്പെടുത്തിയാൽ മൃഗങ്ങൾ അനങ്ങാത്ത തരത്തിൽ മെഷീൻ തന്നെ കൃത്യ സ്ഥലത്ത് ഫോക്കസ് ചെയ്തു എക്സറേ എടുക്കും. റേഡിയേഷൻ കുറവുമാണ്. സ്കാൻ റാഡ് കമ്പനിയാണ് ഏറ്റവും ആധുനിക സംവിധാനത്തോടെ സ്കാൻ റാഡ് 400എം.എം മെഷീൻ നിർമ്മിച്ചിട്ടുള്ളത്.

പരിശോധനാഫലം വേഗത്തിൽ

മൃഗങ്ങളുടെ അസ്ഥി, ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ അഞ്ച് മിനിട്ടിനുള്ളിൽ പരിശോധിച്ചറിയാം

സ്വകാര്യ ലാബുകളിൽ പരിശോധനാ ഫലത്തിന് ഒരുമണിക്കൂർ കാത്തിരിക്കണം.

സ്വകാര്യ ലാബുകളിൽ ഫീസ് 500രൂപ

സർക്കാർ ആശുപത്രിയിൽ സൗജന്യം

"ഒരാഴ്ചക്കുള്ളിൽ മെഷീൻ മുറിക്കുള്ളിൽ സ്ഥാപിക്കാൻ കഴിയും. തിരഞ്ഞെടുപ്പ് ചട്ടം നിലനൽക്കുന്നതിനാൽ ഉദ്ഘാടനം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമായിരിക്കും നടക്കുക.

ജില്ലാ വെറ്ററിനറി കേന്ദ്രം അധികാരികൾ