ആലപ്പുഴ: ട്രഷറികളിലെ സോഫ്റ്റ് വെയർ, സെർവർ തകരാറുകൾ മൂലം ഇന്നലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും പിൻവലിക്കാൻ കഴിഞ്ഞില്ല. രണ്ട് ജില്ലാ ട്രഷറികളിലും 14 സബ് ട്രഷറികളിലും എത്തിയ പെൻഷൻകാരുമാണ് സാങ്കേതിക തകരാറിൽ വലഞ്ഞത്. രാവിലെ പത്ത് മണിക്ക് എത്തിയ പെൻഷൻകാരിൽ 90 ശതമാനം പേരും വൈകിട്ട് വരെ കാത്തു നിന്നെങ്കിലും പെൻഷൻ ലഭിക്കാതെ നിരാശയോടെ മടങ്ങുകയായിരുന്നു. രാവിലെ ഒരുമണിക്കൂർ നേരം മാത്രമാണ് ട്രഷറികളിൽ സാങ്കേതിക തകരാർ ഇല്ലാതിരുന്നത്. ഇടയ്ക്ക് സൈറ്റ് ലഭിച്ചെങ്കിലും ഒന്നോ രണ്ടോ ചെക്ക് പാസാക്കി കഴിഞ്ഞപ്പോൾ വീണ്ടും സാങ്കേതിക തകരാറിൽ കുടുങ്ങി . കഴിഞ്ഞ രണ്ട്മാസമായി ട്രഷറികളിൽ സോഫ്റ്റ് വെയർ, സെർവർ തകരാറുകൾ അനുഭവപ്പെടുന്നുണ്ട് . വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും തകരാർ പരിഹരിക്കുന്നതിൽ തികഞ്ഞ അലംഭാവം കാട്ടുകയാണെന്നാണ് ആരോപണം. ഇന്നലെ ജില്ലയിലെ എല്ലാ ട്രഷറികളിലും വൈകിട്ട് അഞ്ചാമണിക്കുശേഷവും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. പെൻഷൻ വാങ്ങാൻ എത്തിയവരിൽ ചിലർ ജീവനക്കാരോട് തട്ടിക്കയറിയ സംഭവവും ഉണ്ടായി.

സംസ്ഥാനത്തെ ട്രഷറികളിൽ നിരന്തരമായി സംഭവിക്കുന്ന സോഫ്റ്റ് വെയർ, സെർവർ തകരാറുകൾ മൂലം പെൻഷൻകാർക്കും ജീവനക്കാർക്കും പെൻഷനും ശമ്പളവും പിൻവലിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണം. ഓരോ തവണ പരാതിപ്പെടുമ്പോഴും ഉടൻ പരിഹരിക്കും എന്ന സ്ഥിരം മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ട്രഷറികൾക്കുമുന്നിൽ പ്രക്ഷോഭം ആരംഭിക്കും.

എൻ.എസ്.സന്തോഷ്, ജില്ലാ സെക്രട്ടറി, എൻ.ജി.ഒ അസോസിയേഷൻ