ആലപ്പുഴ: ഇന്ത്യയിലെ മത്സ്യ മേഖലയെ ഒന്നാകെ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ മത്സ്യബന്ധന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 6 ന് മത്സ്യ തൊഴിലാളി സദസുകൾ സംഘടിപ്പിക്കുവാൻ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മി​റ്റി യോഗം തീരുമാനിച്ചു. മത്സ്യ മേഖലയെ കാർഷി​ക നിയമങ്ങളുടെ മാതൃകയിൽ കുത്തകകൾക്ക് കൈമാറുവാനാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ദിനം പ്രതിയുള്ള ഇന്ധന വില വർദ്ധന മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് യോഗം ചൂണ്ടിക്കാണിച്ചു. തീരദേശ നിയന്ത്രണ വിജ്ഞാപന നിയന്ത്രണത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ വാസികളുടെ ഭവന നിർമ്മാണവും അറ്റകുറ്റപണികളും ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എത്സബത്ത് അസീസി,കുമ്പളം രാജപ്പൻ,എ.കെ.ജബാർ,ഹഡ്‌സൺ ഫെർണാണ്ടസ്,ഡി.ബാബു,പി.ഒ.ആന്റണി,കെ.രാജീവൻഎന്നിവർ സംസാരിച്ചു.