s

പ്രതിഷേധവുമായി വ്യാപാരികൾ

ആലപ്പുഴ: കൊവിഡ് വ്യാപനം തടയാൻ നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റുമാർ കടകൾ മാത്രം കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് എത്തുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥനായിരിക്കും മജിസ്ട്രേറ്റ്.കടകളിൽ എത്തുവന്നവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ രജിസ്റ്ററിലെ പോരായ്മ ചൂണ്ടിക്കാട്ടി വ്യാപാരികളിൽ നിന്ന് വലിയ തുകയാണ് പിഴയായി ഈടാക്കുന്നത്. കടയ്ക്കുള്ളിൽ രണ്ടടി അകലത്തിൽ വട്ടമില്ലെങ്കിലും പിഴയൊടുക്കണം. 2000 മുതൽ 5000 രൂപ വരെയാണ് പിഴ ചുമത്തുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടക്കുന്ന രാഷ്ട്രീയ യോഗങ്ങളും ബസുകൾ, മദ്യശാലകൾ, വിവാഹം, മരണം, ഉത്സവങ്ങൾ എന്നിവടങ്ങളിലെ തിരക്കുകളും നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സെക്ടറൽ മജിസ്‌ട്രേറ്റുമാരെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരാതി നൽകിയിട്ടുണ്ട്.

കടകളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും ഏഴുതി വയ്ക്കാത്തതിന്റെ പേരിലുള്ള ശിക്ഷാനടപടികൾ പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. തീരുമാനമുണ്ടായില്ലെങ്കിൽ മജിസ്ട്രേറ്റുമാർക്കെതിരെ പ്രതിഷേധിക്കേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു.

നിർദ്ദേശം പുകയായി


നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം തീരുമാനമെടുത്തെങ്കിലും നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി ആരോപണം. ഏഴ് ദിവസം മുമ്പെടുത്ത തീരുമാനങ്ങളിൽ ഒന്നുപോലും കൃത്യമായി നടപ്പാക്കാനാവുന്നില്ല. കൊവിഡ് പരിശോധന വർദ്ധിപ്പിക്കാനും ജില്ലയിലെ ബീച്ചുകളിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഉറപ്പുവരുത്താനുമായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചെങ്കിലും ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പത്തു വയസിനു താഴെയുള്ള കുട്ടികൾ, അറുപതു വയസിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർ ബീച്ചുകളിലെത്തെരുതെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.

ബസ് സ്റ്റാൻഡുകളിലും വീഴ്ച

വിനോദസഞ്ചാരികൾക്ക് ഹൗസ് ബോട്ടുകളിൽ മാസ്‌ക്, സാനിട്ടൈസർ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇത് പരിശോധിക്കാറില്ലെന്ന് പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും സ്വകാര്യ സ്റ്റാൻഡുകളിലും സാനിട്ടൈസർ ലഭ്യമാക്കാൻ അതത് നഗരസഭകളെയും പഞ്ചായത്തുകളെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം രണ്ട് തരത്തിലാവാതെ നീതീപൂർവമാക്കണം. വ്യാപാരികൾക്ക് പിഴചുമത്തുന്ന മജിസ്ട്രേറ്റുമാർ മറ്റുള്ള ഇടങ്ങളിൽ നിസംഗത കാട്ടുന്നത് അംഗീകാരിക്കാനാവില്ല

ഐ.ഹലീൽ, ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി