s

ആലപ്പുഴ: ചൂട് കനത്തതോടെ പഴങ്ങൾക്കും ശീതളപാനീയങ്ങൾക്കും ആവശ്യക്കാരേറിയത് കച്ചവടക്കാർക്ക് അനുഗ്രഹമാകുന്നു. വഴിയോരങ്ങൾ കേന്ദ്രീകരിച്ചുള്ള ശീതളപാനീയ കേന്ദ്രങ്ങളിൽ തിരക്കേറുകയാണ്.

തണ്ണിമത്തനും കരിക്കും കരിമ്പിൻ ജ്യൂസും മോരുമാണ് വഴിയോര കേന്ദ്രങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. വാഹനങ്ങളും ചെറുതട്ടുകളും കേന്ദ്രീകരിച്ചാണ് കച്ചവടം. പഴക്കടകളിൽ തണ്ണിമത്തൻ തേടിയാണ് കൂടുതൽ പേരെത്തുന്നത്. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് കച്ചവടം. വലിപ്പം കൂടിയ സാദാ തണ്ണിമത്തനെക്കാൾ, കടും പച്ചനിറത്തിലെ 'കിരൺ' ഇനത്തിനാണ് ആവശ്യക്കാർ കൂടുതൽ. കൂടാതെ ചെറുപഴം, പൊട്ടുവെള്ളരി എന്നിവയ്ക്കും മികച്ച വിപണി ലഭിക്കുന്നുണ്ട്. ദിവസം തോറും ചൂട് വർദ്ധിക്കുന്നതിനാൽ ശരാശരി 50 ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് വിറ്റുപോകുന്നതായി കച്ചവടക്കാർ പറയുന്നു. 20 രൂപയാണ്. വഴിയോരങ്ങളിലെ മോര് കച്ചവടത്തിനും മികച്ച പ്രതികരണമാണ്. ചെറിയ മൺകുടത്തിലെ സംഭാരത്തിന് 30 രൂപയാണ് ഈടാക്കുന്നത്. വീടുകളിലേത് പോലെ ഇഞ്ചി, മുളക്, കറിവേപ്പില എന്നിവ ഉൾപ്പെടുത്തിയാണ് ഇവ തയ്യാറാക്കുന്നത്.

 കരിക്കും കരിമ്പും

വാഹനയാത്രക്കാരെ ലക്ഷ്യമിട്ട് പാതയോരങ്ങളിലെ തണലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് കരിക്കിന്റെ വില്പന. 40- 45 രൂപയാണ് ഈടാക്കുന്നത്. 20 രൂപ നിരക്കിലാണ് കരിമ്പിൻ ജ്യൂസിന്റെ വില്പന. കുപ്പിവെള്ള കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. കൂടാതെ ബേക്കറികളിൽ സോഫ്റ്റ് ഡ്രിങ്ക്, ഷേക്കുകൾ എന്നിവയ്ക്കും ആവശ്യക്കാരേറുകയാണ്. സ്ഥിരം കടകളിലേതിനേക്കാൾ വിലക്കുറവായതിനാൽ വഴിയോര തട്ടുകളിലാണ് കച്ചവടം മുന്നിട്ടു നിൽക്കുന്നത്. നാല് കിലോയ്ക്ക് 100 രൂപ എന്ന കണക്കിലാണ് പലേടത്തും ഓറഞ്ഞ്, കൈതച്ചക്ക, എത്തയ്ക്ക എന്നിവയുടെ കച്ചവടം. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടമുണ്ടായ നിരവധിപേരാണ് വേനൽക്കാലത്ത് കച്ചവടത്തട്ടുകളിൽ സജീവമായിരിക്കുന്നത്.

..............................

വേനൽ കടുത്തതോടെ പതിവുപോലെ വഴിയോര ശീതളപാനീയ വിപണി സജീവമായിട്ടുണ്ട്. കടകളിൽ ശുചിത്വവും സാമൂഹിക അകലവും ഉറപ്പ് വരുത്തണം. പഴങ്ങളും വെള്ളവും ഐസും ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധനകൾ നടത്തും

ഭക്ഷ്യ സുരക്ഷാ വിഭാഗം