ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഗുരുവന്ദന ദീപാർപ്പണ ശീവേലിപ്പന്തൽ 7ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പിക്കും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. ആദരിക്കൽ മന്ത്രി തോമസ് ഐസക് നിർവഹിക്കും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നിറപറ കർണ്ണൻ,സ്വാമിനാഥൻ ചള്ളിയിൽ,എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ, സെക്രട്ടറി വി.എൻ. ബാബു,ജയിംസ് ചിങ്കുതറ,രാജീവ് ആലുങ്കൽ,സുചിത ദിലീപ്, ജയകുമാർ,രാധാകൃഷ്ണൻ തേറാത്ത് എന്നിവർ പങ്കെടുക്കും. ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി. ഗഗാറിൻ സ്വാഗതവും നിർമ്മാണ കമ്മിറ്റി ചെയർമാൻ സജേഷ് നന്ത്യാട്ട് നന്ദിയും പറയും.
ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പന്തൽ നിർമ്മിച്ചിട്ടുള്ളത്. 80 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലുമായി നിർമ്മിച്ച പന്തലിൽ 7000 പേർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാം. ജില്ലയിൽ ഏറ്റവും വലിയ പ്രാർത്ഥനാ പന്തലാണ് ഇതെന്ന് ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ പറഞ്ഞു. 2019 ജനുവരി 13ന് നിറപറ കർണ്ണനാണ് പന്തലിന്റെ ശിലാസ്ഥാപനം നടത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് ഗഗാറിൻ പറഞ്ഞു.