
വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം പ്രതിസന്ധി
ആലപ്പുഴ: പാചകവാതക വില ദിനംപ്രതി കത്തിക്കയറവേ, വീടുകൾക്കൊപ്പം ഹോട്ടൽ അടുക്കളകളും പ്രതിസന്ധിയിൽ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 100 രൂപ വർദ്ധിച്ച് 1600 രൂപയിലെത്തിയതോടെയാണ് ഹോട്ടലുടമകളുടെ നെഞ്ചിടിപ്പ് കൂടിയത്. വില ഇനിയും കൂടുമെന്ന ആശങ്കയുള്ളതിനാൽ ഇടിപ്പ് കുറയാനും ഇടയില്ല!
ഗാർഹിക ഉപഭോക്താക്കൾ നൽകുന്നതിന്റെ ഇരട്ടിവിലയാണ് വാണിജ്യ സിലിണ്ടറിന്. ഇതിന് പുറമേ ഓയിൽ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയാവുകയാണ്. നിലവിൽ രാജ്യത്ത് റിഫൈനറി ഉള്ളവർക്ക് മാത്രമാണ് മലേഷ്യൻ ഓയിൽ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളത്. ഇതോടെ കൂടിയ വിലയ്ക്ക് ഓയിൽ ഉത്പന്നങ്ങൾ വാങ്ങേണ്ടിവരുന്നു. ഇവയ്ക്ക് പുറമേ അരി, വെള്ളം, പലവ്യഞ്ജനങ്ങൾ, വൈദ്യുതി എന്നിവയ്ക്ക് മുടക്കുന്ന തുക കൂടിയാകുമ്പോൾ താങ്ങാനാവാത്ത ബാദ്ധ്യതയാണ് ഹോട്ടലുടമകൾ നേരിടുന്നത്. സകല വിലക്കയറ്റവും ഒരുമിച്ച് വന്നതോടെ പ്രതിദിനം 1500 രൂപയിലേറെയാണ് ഹോട്ടലുകൾക്കുണ്ടാകുന്ന അധിക ചെലവ്. സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കേണ്ടതിനാൽ പലേടത്തും പാഴ്സൽ സർവീസാണ് കൂടുതലായി നടക്കുന്നത്. ജീവനക്കാരുടെ പ്രതിദിന വേതനമടക്കം നൽകിവരുമ്പോൾ, പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ് ഹോട്ടൽ വ്യവസായികൾ.
പച്ചക്കറി താഴേക്ക്
സകല സാധനങ്ങൾക്കും വില കുതിച്ചുയർന്നപ്പോൾ വിപണിയിൽ ഈ ആഴ്ച വില കുറഞ്ഞ ഏക ഇനം പച്ചക്കറിയാണ്. ഇറച്ചി വിഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പച്ചക്കറിക്ക് ഹോട്ടലുകളിൽ രണ്ടാം സ്ഥാനം മാത്രമാണുള്ളത്. ക്രിസ്തീയ നോമ്പ് കാലമായിട്ടും പച്ചക്കറി വിപണി അത്ര സജീവമായിട്ടില്ല.
....................
പാചകവാതകത്തിന് വില കൂടുമ്പോൾ, സ്വാഭാവികമായും വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാവൂ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉള്ള ഉപഭോക്താക്കളെ കൂടി നഷ്ടമാകുന്ന നടപടിയാവുമിത്. ഇങ്ങനെ പോയാൽ കർഷക ആത്മഹത്യകളെന്ന് മാത്രം കേട്ടു പഴകിയ സ്ഥാനത്ത് ഹോട്ടൽ വ്യവസായികളുടെ ആത്മഹത്യ വാർത്തകളും കേൾക്കേണ്ടിവരും
എസ്.കെ.നസീർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ