
ആലപ്പുഴ: അന്താരാഷ്ട്ര ബിനാലെക്ക് അരങ്ങുണരുന്ന ആലപ്പുഴ നഗരത്തിലെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞുതുടങ്ങി.
സംഘാടകരുടെ ആവശ്യപ്രകാരം ആലപ്പുഴയിലെത്തിയ പ്രശസ്ത സ്ട്രീറ്റ് ആർടിസ്റ്റ് അൻപു വർക്കിയാണ് ചുവർചിത്രങ്ങൾ കൊണ്ട് നഗരത്തെ മനോഹരമാക്കുന്നത്. ഓരോ നാട്ടിലും ചെന്ന് ആ നാടിനെ കുറിച്ച് പഠിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന അൻപു, കയറും കായലുമെല്ലാം ഉൾപ്പെടുന്ന ചിത്രങ്ങളാണ് വരയ്ക്കുന്നത്. പുറമേ മനുഷ്യ മനസിന്റെ അവസ്ഥകൾ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളും വരും ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് അൻപു പറയുന്നു. കൊച്ചിയിൽ നടന്ന ആദ്യ ബിനാലെയിൽ പങ്കെടുത്ത് കേരളത്തിൽ സ്ട്രീറ്റ് ആർട്ട് പരിചയപ്പെടുത്തിയത് അൻപുവായിരുന്നു.
കോട്ടയം ഭരണങ്ങാനം സ്വദേശിനിയാണെങ്കിലും ജനിച്ചതും വളർന്നതും ബംഗളുരുവിലാണ്. ബറോഡയിൽ നിന്നും ലണ്ടനിൽ നിന്നും ഫൈൻ ആർട്സിലും പെയിന്റിംഗിലും മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തു. സ്ട്രീറ്റ് ആർട്ട് എന്ന കലാരൂപം സ്വയം വളർത്തിയെടുക്കുകയായിരുന്നു. ജർമനി, അബുദാബി അടക്കമുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അൻപുവിന്റെ വിരൽ പതിഞ്ഞ ഒരു ചുവരെങ്കിലുമുണ്ടാകും. കഴിഞ്ഞ 10 വർഷമായി വരകളുടെ ലോകത്ത് സജീവമായുണ്ട്. 90 ദിവസം നീണ്ടുനിൽക്കുന്ന, ആലപ്പുഴയിലെ അന്താരാഷ്ട്ര ബിനാലെയ്ക്ക് 10നാണ് ഔദ്യോഗികമായി അരങ്ങുണരുന്നത്.