അമ്പലപ്പുഴ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് നഴ്സായി സ്ഥാനക്കയറ്റം ലഭിച്ചവർക്ക് യൂണിഫോം അനുവദിക്കുന്നില്ലെന്നും ചുമതലകളിൽ നിന്ന് അകറ്റി നിറുത്തുന്നുവെന്നും കേരള ഗവ.നഴ്സസ് യൂണിയൻ നേതാക്കളായ കെ.ഡി. മേരി, കെ.എസ്. സന്തോഷ് എന്നിവർ ആരോപിച്ചു.
230 ഹെഡ് നഴ്സുമാരാണ് പരാതിയുമായി രംഗത്തുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 1760 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 നഴ്സുമാരും അത്ര തന്നെ സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന് നഴ്സുമാരുമുണ്ട്. 591 ഹെഡ് നഴ്സ് തസ്തികകളാണുള്ളത്. ഇതിൽ സ്റ്റാഫ് നഴ്സ് തസ്തികകൾ അപ്ഗ്രേഡ് ചെയ്താണ് ഹെഡ് നഴ്സ് തസ്തികകൾ സൃഷ്ടിച്ചത്. നഴ്സുമാരുടെ കുറവുമൂലം ദുരിതമനുഭവിക്കുന്ന മെഡി. ആശുപത്രികൾക്ക് പ്രതിസന്ധിയായിരിക്കുകയാണ് അധികൃതരുടെ തീരുമാനം. പുതിയ ഉത്തരവു പ്രകാരം ജോലിയിൽ പ്രവേശിക്കാൻ ചെന്ന ഹെഡ് നഴ്സുമാരോട്, യൂണിഫോം നൽകേണ്ടെന്ന് ഉന്നതതല നിർദ്ദേശമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
പരാതികൾ പരിഹരിച്ചില്ലെങ്കിൽ വനിതാദിനമായ എട്ടിന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.നാളെ എല്ലാ മെഡി. ആശുപത്രികളിലും സൂചനസമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.