
മുതുകുളം : അമ്പലപ്പറമ്പിലെ മാവിൽ ലൈറ്റിടാൻ കയറിയ യുവാവ് മരച്ചില്ലയൊടിഞ്ഞ് തലയടിച്ച് വീണു മരിച്ചു. ആറാട്ടുപുഴ മംഗലം മുട്ടുമ്പാട്ട് പുതുവലിൽ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ ആനന്ദന്റെ മകൻ അരുൺ ആനന്ദ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45 ന് മംഗലത്തെ ക്ഷേത്രപരിസരത്തായിരുന്നു അപകടം. ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്പല പരിസരത്ത് ദീപാലങ്കാരം നടത്തുന്നതിനിടെ മാവിനു മുകളിലൂടെ വയർ വലിക്കുന്നതിനു സഹായിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തലക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ അരുണിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വൃന്ദ, മകൻ: അനന്ദകൃഷ്ണൻ. മാതാവ്: രാധ. സഹോദരൻ :അനിൽ ആനന്ദ്.