 രാപ്പകൽ ഇല്ലാതെ ജില്ലയിൽ കൊടുംചൂട്

ആലപ്പുഴ: കൊടുംചൂടിലും അന്തരീക്ഷ ആർദ്രതയിലും വെന്തുരുകുന്ന ജില്ലയിൽ ജനം ആശ്വാസം തേടി നെട്ടോട്ടത്തിൽ. 35 ഡിഗ്രി വരെയെത്തിയ ചൂട് ഇനിയും കൂടാനാണ് സാദ്ധ്യത.

നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ് ജീവൻ പണയംവച്ച് കൊടും വെയിലുമായി ഏറെനേരം മല്ലിടുന്നത്. ആവശ്യത്തിന് വിശ്രമിക്കാൻ അവസരമുണ്ടെങ്കിലും പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളികളെ ചൂട് വല്ലാതെ തളർത്തുന്നുണ്ട്. ഓഫീസുകളിൽ ഫാനിനു കീഴിലാണെങ്കിൽപ്പോലും അസ്വസ്ഥതയില്ലാതെ ജോലി ചെയ്യാനാവുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ താപനില ക്രമാതീതമാകുന്നത് വല്ലാത്ത ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വീടുകളിൽ കൊച്ചുകുട്ടികൾ ചൂട് കാരണം നിറുത്താതെ കരയുന്നത് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. ഇതിനിടെയാണ് അറ്റകുറ്റപ്പണികളുടെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതി മുടക്കുന്നത്. രാവിലെ 9ന് വൈദ്യുതി നിലച്ചാൽ പലപ്പോഴും വൈകിട്ട് ആറുവരെ കാത്തിരിക്കണം. ഇത് വ്യാപാരികൾക്കുണ്ടാക്കുന്ന പൊല്ലാപ്പും ചെറുതല്ല. ഫ്രീസറുകൾ ഓഫ് ആകുന്നതിനാൽ പാൽ, ഐസ്ക്രീം ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ആയുസ് കുറയുന്നു.

കൊടുംചൂട് ചർമ്മത്തിനു ദോഷകരമായതിനാൽ രാവിലെ 11 മുതൽ 3 വരെ സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികൾ ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ ജില്ലയും ഉണ്ട്. വേനൽക്കാല രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയുമേറെയാണ്. ഇതോടെ വഴിയോര തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ അതത് ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.

.....................................................

 ജില്ലയിലെ ഉയർന്ന താലനില................35

 ഉയർന്ന ആർദ്രത.............83

.....................................................

# മഴ ചതിച്ചു

ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയിൽ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 17 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ 10ൽ താഴെയാണ് ലഭിച്ചത്. വരൾച്ച നേരിടാൻ ശാസ്ത്രീയ നടപടികൾ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.മുൻ വർഷങ്ങളെ അപേക്ഷിച്ച് പലേടങ്ങളിലും ഇപ്പോൾത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ മാസം പകുതിയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

# ശ്രദ്ധവേണം

 ശരീരത്തിന്റെ താപനില ഒരു പരിധി വരെ സന്തുലിതമാക്കാൻ ധാരാളം വെള്ളം കുടിക്കുക

 ജലാംശം കൂടിയ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

 എ.സിയിൽ ഇരിക്കുന്നവർ ഓരോ മണിക്കൂർ കൂടുമ്പോൾ 2-4 ഗ്ലാസ് വെള്ളം കുടിക്കണം

 വ്യായാമം രാവിലെ 8 ന് മുമ്പും വൈകിട്ട് 4 ന് ശേഷവും ചെയ്യുക

 സൂര്യതാപം നേരിട്ട് ഏൽക്കാത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക

 അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ശീലമാക്കുക

....................................

ജില്ലയിൽ തുടർ ദിവസങ്ങളിൽ താപനില ഉയരും. ചൂടിനെ അതിജീവിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കണം. ചൂട് കൂടുതലായതിനാൽ കർഷകരും ശ്രദ്ധ കാട്ടണം

(മങ്കൊമ്പ് നെല്ലുഗവേഷണ അധികൃതർ)