s

കുഴൽക്കിണറുകൾ അപേക്ഷകൾ കുന്നുകൂടുന്നു

ആലപ്പുഴ: വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ കുഴൽക്കിണറിനു വേണ്ടിയുള്ള അപേക്ഷകൾ ഭൂജല വകുപ്പിൽ വർദ്ധിക്കുന്നു. വീട്ടാവശ്യത്തിനും കാർഷികാവശ്യത്തിനുമുള്ള അപേക്ഷകളാണ് കൂടുതലും. ആർ.ഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകൾക്ക് വേണ്ടി കുഴൽക്കിണറിന് അനുമതി തേടി നിരവധി സംരംഭകരും വകുപ്പിനെ സമീപിക്കുന്നുണ്ട്.

മറ്റ് സ്രോതസുകളിൽ നിന്നുള്ള ജല ലഭ്യത കുറഞ്ഞ തീരപ്രദേശങ്ങളിലാണ് ആർ.ഒ പ്ലാന്റുകൾ വർദ്ധിക്കുന്നത്. പഞ്ചായത്തുകളുടെ കെട്ടിട നിർമ്മാണ ചട്ടത്തിൽ ഉൾപ്പെടുത്തിയാണ് കുഴൽക്കിണർ സ്ഥാപിക്കാൻ അനുമതി നൽകുന്നത്. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പെർമിറ്റും, ഭൂജലവകുപ്പിന്റെ ക്ലിയറൻസും ആവശ്യമാണ്. വകുപ്പിന് ലഭിക്കുന്ന അപേക്ഷകളിൽ ഭൂജല സർവ്വേ നടത്തിയാണ് കുഴൽക്കിണർ നിർമ്മാണം വകുപ്പ് ഏറ്റെടുത്ത് നടത്തുന്നത്. ഗുണനിലവാരം കുറഞ്ഞ വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ വെള്ളത്തിന്റെ പി.എച്ച് തോത് നിയന്ത്രിച്ച് ഉപയോഗ യോഗ്യമാക്കിയ ശേഷമാണ് പ്ലാന്റുകൾക്ക് അനുമതി നൽകുന്നത്.

സ്വകാര്യ ഏജൻസികളും

ഭൂജല വകുപ്പിനെ വട്ടംകറക്കി കുഴൽക്കിണർ നിർമ്മാണം ചെറുകിട വ്യവസായം പോലെ നടത്തുന്നവർ ജില്ലയിലുണ്ട്. യാതൊരു അനുമതിയും നേടാതെയാണ് സ്വകാര്യ കുഴൽക്കിണർ നിർമാണത്തിൽ ഭൂരിഭാഗവും നടക്കുന്നത്. വകുപ്പിൽ അപേക്ഷ നൽകി നേരായ മാർഗത്തിലൂടെ നീങ്ങിയാൽ കാലതാമസമുണ്ടാകുമെന്ന ധാരണയാണ് പലരെയും സ്വകാര്യ ഏജൻസികളുമായി ബന്ധിപ്പിക്കുന്നത്. സർക്കാർ നിരക്കിനെക്കാൾ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്താണ് സ്വകാര്യ കുഴൽക്കിണർ നിർമ്മാതാക്കൾ നിറഞ്ഞു നിൽക്കുന്നത്.

വെള്ളമൂറ്റുന്നു

100 അടിക്ക് താഴെയുള്ള ജലമാണ് ഭൂഗർഭ ജലമെന്ന വിവക്ഷയിൽ വരുന്നത്. ഇതനുസരിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുഴൽക്കിണർ നിർമാണം. എന്നാൽ സ്വകാര്യ ഏജൻസികൾ കുഴിക്കുന്നതിനിടയിൽ ഏതെങ്കിലുമൊരു ഭാഗത്ത് നിന്ന് ജലം ലഭിക്കുമെന്ന് ബോദ്ധ്യമായാൽ അവിടം കൊണ്ട് പണി നിറുത്തും. സമീപത്തെ കിണറുകളുടെയും മറ്റ് കുടിവെള്ള സ്രോതസുകളുടെയും അടിത്തട്ടിന്റെ അതേ നിരപ്പിലാണ് ഈ കുഴൽക്കിണറിന്റെയും അടിത്തട്ടെങ്കിൽ അവയൊക്കെ വറ്റുന്നതിന് ഇടയാകും. യഥാർത്ഥത്തിൽ വേണ്ട ആഴം കുഴൽക്കിണറിനില്ലെങ്കിൽ ഭൂമിക്കടിയിലെ ജലശേഖരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നടപടി ക്രമങ്ങൾ

 ഭൂജല വകുപ്പിൽ നിശ്ചിത ഫീസടച്ച് അപേക്ഷ സമർപ്പിക്കണം

 ഏറെ വെള്ളം ലഭിക്കാനിടയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തും

 ജിയോളജിസ്റ്റിന്റെ പരിശോധനാഫലം അനുസരിച്ച് നടപടി മുന്നേറും

............................

അനധികൃത കുഴൽക്കിണർ നിർമ്മാണങ്ങൾ നടക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കാട്ടി പഞ്ചായത്തുകൾക്ക് ഉടൻ കത്ത് നൽകും. വേനൽ കടുത്തതോടെ നിരവധിപ്പേരാണ് കുഴൽക്കിണർ സ്ഥാപിക്കാൻ അപേക്ഷ സമർപ്പിക്കുന്നത്

അനുരൂപ്, ഹൈഡ്രോ ജിയോളജിസ്റ്റ്, ആലപ്പുഴ