ആലപ്പുഴ: ഫണ്ടിന്റെ കുറവ് മൂലം മിശ്രവിവാഹിതരുടെ വിവാഹ ധനസഹായ ആനുകൂല്യവിതരണം മുടങ്ങുന്നു. അപേക്ഷനൽകി കഴിഞ്ഞ അഞ്ചു വർഷമായി കാത്തിരിക്കുന്നവർക്ക് പോലും ആനുകൂല്യം കിട്ടിയിട്ടില്ല. 2016മുതൽ 2020 വരെ ആയിരത്തിൽ അധികം അപേക്ഷകർക്കാണ് സഹായം കിട്ടാനുള്ളത്.
അവസാനമായി സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2015വരെയുള്ള അപേക്ഷകർക്ക് സഹായ വിതരണം ചെയ്തിരുന്നു. ജനറൽ വിഭാഗത്തിന് 30,000രൂപയും എസ്.സി, എസ്.ടി വിഭാഗത്തിൽ പെടുന്ന അപേക്ഷകർക്ക് 70,000രൂപയുമാണ് സഹായം. എല്ലാ വിഭാഗം അപേക്ഷകളും സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ഓഫീസിലാണ് നൽകേണ്ടത്. ജനറൽ വിഭാഗം അപേക്ഷകരുടെ സഹായം സാമൂഹ്യ നീതി ഓഫീസ് വഴിയും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെടുന്ന അപേക്ഷകൾക്കുള്ള ആനുകൂല്യ വിതരണം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസ് വഴിയുമാണ് വിതരണം ചെയ്യുന്നത്. സംവരണ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ഉള്ളതിനാലും വേണ്ടത്ര ഫണ്ട് ഉള്ളതിനാലും വേഗത്തിൽ തീർപ്പാക്കാൻ കഴിയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മിശ്രവിവാഹിതരുടെ വിവാഹ ധനസഹായ ആനുകൂല്യത്തിനുള്ള അപേക്ഷ ലഭിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. പ്രതിവർഷം 100ൽ അധികം അപേക്ഷകളാണ് ലഭിക്കുന്നത്.
"ധനസഹായത്തിന് അപേക്ഷ നൽകി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മറ്റ് എല്ലാ കാര്യങ്ങൾക്കും സർക്കാർ അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കുമ്പോൾ മിശ്രവിവാഹിതരെ അവഗണിക്കുന്നു.
വിപിൻ,
അപേക്ഷകൻ