ആലപ്പുഴ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിമാഡിലുള്ള പ്രതികളെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35),തിരുവല്ല ക്രോസ് ജംഗ്ഷൻ ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കൊട്ടയ്ക്കമാലി സുബീൻ (കൊച്ചുമോൻ-38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൽഷാദ് ഹമീദ്(30) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്.
ഇനി പിടികൂടാനുള്ള, ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കും ഇവരുടെ സഹായികൾക്കും വേണ്ടി പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.