മാവേലിക്കര : മാവേലിക്കര സബ് ജയിൽ വളപ്പിലേക്ക് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി ഗുളികകളും പൊതികളാക്കി വലിച്ചെറിയുന്നതായി ജയിൽ ഉദ്യോഗസ്ഥരുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയായാണ് ജയിലിന്റെ അടുക്കള വശത്തുള്ള ഭാഗത്തേക്ക് പുറത്തുനിന്ന് കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വിഷയം ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ പൊലിസ്, എക്സൈസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
പകൽ സമയത്താണ് പൊതികൾ ജയിലിനുള്ളിലേക്ക് വലിച്ചെറിയുന്നത്. കോടതി വളപ്പിന് തെക്കുവശത്ത് പടീത്തോടിന്റെ കരയിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നെത്തിയാൽ ജയിലിന്റെ മതിൽക്കെട്ട് ഭാഗത്തെത്താം. താമസക്കാരില്ലാത്ത ഈ പ്രദേശത്ത് പലരും പകൽ സമയത്ത് ഇരുചക്രവാഹനങ്ങളിൽ എത്തുന്നത് അടുത്ത ദിവസങ്ങളായി പതിവായിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി.