
ചേർത്തല: അരീപ്പറമ്പ്-അർത്തുങ്കൽ റോഡിൽ മാസങ്ങളായി ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയുള്ള കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. നാലു മാസമായി തകരാർ പരിഹരിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.കുടിവെള്ള ക്ഷാമവും റോഡിൽ അപകട ഭീഷണിയുമുണ്ടായിട്ടും ജല അതോറിറ്റിയും-പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ആരോപിച്ചു.
പ്രശ്‌നത്തിന് ഉടനടി പരിഹാരമുണ്ടായില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ബാബു പള്ളേകാട്ട്, വിൻസന്റ്, സേതുലക്ഷ്മി ,മേരി ഗ്രേസ്, ഷൈനി ഫ്രാൻസിസ്, അൽഫോൺസ, സുധാകരൻ, ഷിബു, ജേക്കബ്, സുരേഷ് കുമാർ, തങ്കച്ചൻ, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.