
ആലപ്പുഴ: ജവഹർ ബാലഭവൻ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ആലപ്പുഴ ബാലഭവനിൽ മാത്രം നടപ്പില്ലാക്കുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് ആകെ അഞ്ച് ബാലഭവനുകളുണ്ട്. ആലപ്പുഴയിലെ സ്ഥാപനത്തിനു മാത്രമാണ് അവഗണനയെന്ന് അധികൃതർ ആരോപിക്കുന്നു.
ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ട് 2009ലും 2018ലും സർക്കാർ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് നിലവിൽ പ്രാബല്യത്തിൽ വരേണ്ട 18000 - 41500 എന്ന ശമ്പള സ്കെയിലിനു പകരം 5250 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം തുച്ഛമായ 5 ശതമാനം ഡി.എ മാത്രമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. കളക്ടർ ചെയർമാനായുള്ള ബാലഭവൻ മാനേജിംഗ് കമ്മിറ്റിയിൽ മൂന്ന് സി.പി.എം, ഒരു എൻ.സി.പി പ്രതിനിധികളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ബാലഭവനുകളിൽ ജീവനക്കാർക്ക് പുതുക്കിയ നിരക്കിൽ ശമ്പളം ലഭിക്കുമ്പോൾ, ആലപ്പുഴ മാത്രം പിന്നിലാകുന്നത് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ മാർച്ചിൽ ലഭിക്കേണ്ട ശമ്പള ഗ്രാൻഡ് നഷ്ടമാകാൻ വരെ മാനേജ്മെന്റിന്റെ മനോഭാവം കാരണമായി. ഓണററി എക്സിക്യുട്ടിവ് ഡയറക്ടർ, മാനേജർ, അസിസ്റ്റന്റ് എന്നിവർക്ക് പുറമേ വയലിൻ, ഗിത്താർ, മൃദംഗം, തബല, ശാസ്ത്രീയ സംഗീതം, പെയിന്റിംഗ്, ഡാൻസ്, ലളിതഗാനം എന്നീ വിഷയങ്ങളിലെ ഇൻസ്ട്രക്ടർമാരും, നഴ്സറി ടീച്ചറും ആയയുമാണ് ആലപ്പുഴ ജവഹർ ബാലഭവനിലെ ജീവനക്കാർ.
ജീവനക്കാരുടെ ആവശ്യങ്ങൾ
2008ൽ അനുവദിച്ച് ശമ്പള ഉത്തരവ് കുടിശിക ഉൾപ്പടെ അനുവദിക്കുക
2018 ലെ ശമ്പള ഉത്തരവ് നടപ്പാക്കുക
കലാ അദ്ധ്യാപകർ ഉൾപ്പെടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക
ഗ്രാറ്റുവിറ്റി 5 ലക്ഷമാക്കുക
......................................
ഉത്തരവ് പ്രാബല്യത്തിൽ വന്ന് വർഷം പിന്നിട്ടിട്ടും ആലപ്പുഴയിൽ മാത്രം നടപ്പാകുന്നില്ല. മാനേജ്മെന്റിന്റെ അനാസ്ഥയ്ക്ക് പരിഹാരം കണ്ടേ മതിയാകൂ. സർക്കാർ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബാലഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തും
അനിൽ തിരുവമ്പാടി, സംസ്ഥാന സെക്രട്ടറി, ബാലഭവൻ എംപ്ലോയീസ് യൂണിയൻ