
ഇത്തവണ ചെമ്മീൻ ലഭ്യതയിൽ വൻ ഇടിവുണ്ടാവും
ആലപ്പുഴ: കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങളിൽ (ചെമ്മീൻ കെട്ടുകൾ) ഈ വേനൽക്കാലം നഷ്ടക്കണക്കുകളുടേതായി. വേനൽക്കാല ചെമ്മീൻ കെട്ടുകളിൽ വിളവെടുപ്പ് നടക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ വലിയ പ്രതീക്ഷകളൊന്നുമില്ല കർഷകർക്ക്.
വേമ്പനാടിനോടു ബന്ധപ്പെട്ട് കിടക്കുന്ന പൊക്കാളി നിലങ്ങൾ ഉൾപ്പടെയുള്ള ചെമ്മീൻ കെട്ടുകളിലും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള ഓരുജല പ്രദേശങ്ങളിലുമാണ് പരമ്പരാഗത രീതിയിലുള്ള ചെമ്മീൻ വളർത്തൽ നിലവിലുള്ളത്. പുറത്തേക്കു വല നീട്ടി ചെമ്മീൻ പിടിച്ചെടുക്കാൻ ഒന്നോ രണ്ടോ അവസരങ്ങൾ മാത്രമായിരിക്കും കർഷകർക്ക് ലഭിക്കുക. അതിനുശേഷം വെള്ളം വറ്റിച്ചു മീനും ചെമ്മീനും മൊത്തമായി പിടികൂടുന്ന ജോലികൾ ആരംഭിക്കും. എന്നാൽ നഷ്ടം നികത്താൻ കഴിയുന്ന തരത്തിൽ ചെമ്മീനും മീനും ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കർഷകർ പറയുന്നു. ചെമ്മീൻ ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവാണ് പരമ്പരാഗത കെട്ട് നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നത്. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത പ്രതിസന്ധിയാണെന്നും മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും കർഷകർ പറയുന്നു.
വേലിയേറ്റത്തോടൊപ്പം കയറിവരുന്ന ചെമ്മീൻകുഞ്ഞുങ്ങളെ കെട്ടുകളിൽ തടഞ്ഞു നിറുത്തുകയും വേലിയിറക്ക സമയത്ത് പുറത്തേക്കിറങ്ങി വരുന്നവയെ വലയിട്ട് പിടിച്ചെടുക്കുന്നതുമായ രീതിയാണ് ചെമ്മീൻ വാറ്റ്. കെട്ടുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ആഹാരപദാർത്ഥങ്ങൾ തിന്നാണ് ചെമ്മീൻ വളരുന്നത്. ജില്ലയിൽ ചെമ്മീൻ കെട്ടുകൾ കൂടുതലുള്ളത് മുഹമ്മ, തണ്ണീർമുക്കം ഭാഗങ്ങളിലാണ്. പലയിനം ചെമ്മീനുകളും മത്സ്യങ്ങളും ആയിരിക്കും കെട്ടുകളിൽ നിന്നു ലഭിക്കുക. വേലിയേറ്റത്തോടൊപ്പം എത്തുന്ന ചെമ്മീനുകളുടെയോ മറ്റു ജീവികളുടെയോ ഇനമോ എണ്ണമോ നിയന്ത്രിക്കാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലില്ല. സാമാന്യം ഭേദപ്പെട്ട ഉത്പാദന ക്ഷമതയുള്ള കെട്ടിൽ നിന്ന് ഹെക്ടർ ഒന്നിനു 750 കിലോഗ്രാം ചെമ്മീൻ ലഭിച്ചേക്കാം.
രാസമാലിന്യം
വർഷങ്ങളായി പതിവുള്ള വൈറസ് ബാധയ്ക്കു പുറമെ ഇക്കുറി വെള്ളത്തിലെ രാസമാലിന്യ സാന്നിദ്ധ്യവും പ്രതികൂലമായി ബാധിച്ചെന്ന് കർഷകർ പറയുന്നു. നെൽപ്പാടങ്ങളിൽ നിന്നുള്ള രാസപദാർത്ഥവും ഹൗസ്ബോട്ട് മാലിന്യവും തള്ളുന്നത് കാരണം ചെമ്മീൻ കുഞ്ഞുങ്ങളും മറ്റും വൻതോതിൽ നശിച്ചു. സാധാരണ വൈറസ് ബാധയ്ക്കു ശേഷം പുറത്തു നിന്നുള്ള ചെമ്മീൻ കൂട്ടങ്ങൾ കെട്ടിൽ കയറി വളരുന്നതാണ് പതിവെങ്കിലും ഇക്കുറി അതും ഉണ്ടായില്ല
വിളവ് കുറയും
10 ഏക്കറോളം വിസ്തൃതിയുള്ള ഒരു ചെമ്മീൻകെട്ടിൽ നിന്നു പ്രതിവർഷം 2500 കിലോഗ്രാം തെള്ളിച്ചെമ്മീൻ വരെ കിട്ടുമെന്നാണു കർഷകരുടെ കണക്ക്. എന്നാൽ ഇക്കുറി അത് 1000 കിലോഗ്രാം പോലും എത്തില്ലത്രെ. 1000 കിലോഗ്രാം നാരൻ ചെമ്മീൻ ലഭിക്കേണ്ട സമയത്ത് ഇക്കുറി പലർക്കും ഇതുവരെ ലഭിച്ചത് 100 കിലോഗ്രാമിൽ താഴെ മാത്രമാണ്. കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച പലർക്കും അവ വളർച്ചയെത്തും മുമ്പുതന്നെ നശിച്ചു പോയതിനാൽ നഷ്ടം നേരിടേണ്ടിവന്നു.
അനുയോജ്യമാവണം
സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഓരുവെള്ളം കയറിയിറങ്ങാനുള്ള സൗകര്യം, മലിനീകരണ പ്രശ്‌നങ്ങൾ, വെള്ളത്തിന്റെയും മണ്ണിന്റെയും ഭൗതിക-രാസ ഗുണങ്ങൾ, ചെമ്മീൻ കുഞ്ഞുങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിവേണം ചെമ്മീൻ കൃഷിക്കായി സ്ഥലനിർണയം തിരഞ്ഞെടുക്കേണ്ടത്. പരമ്പരാഗത രീതിയിൽ ചെമ്മീൻ വാറ്റു നടത്തിവരുന്ന സീസൺ കെട്ടുകൾ, വർഷ കെട്ടുകൾ, തെങ്ങിൻ തോപ്പുകളുള്ള തോടുകൾ, ആഴംകുറഞ്ഞ കായൽ ഭാഗങ്ങൾ, ഉപ്പളങ്ങളിലെ ജലസംഭരണികൾ എന്നിവയുടെ താഴ്ന്ന ഓരുജലപ്രദേശങ്ങളെല്ലാം ചെമ്മീൻ കൃഷിക്ക് അനുയോജ്യമായിരിക്കും. വെള്ളത്തിന്റെ ഊഷ്മാവ് 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
.....................................
ഇത്തവണ കാഠിന്യമേറിയ വേനലാണെങ്കിലും കർഷകർക്ക് തിരച്ചടിയായി. ചെമ്മീൻ ലഭ്യതയിലുള്ള കാരണമാണ് പരമ്പരാഗത ചെമ്മീൻ കെട്ടുകാരെ നഷ്ടത്തിലാക്കിയത്. വർഷങ്ങളായി ഈ രംഗത്തെ സംഘടനകളും മറ്റും ആവശ്യപ്പെടുന്ന ഒന്നാണെങ്കിലും ചെമ്മീൻകെട്ട് നടത്തിപ്പുകാർക്കായി സമാശ്വാസ പദ്ധതികളൊന്നും ആവിഷ്‌കരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.ഇതിന് എന്തെങ്കിലും പരിഹാരം കാണണം
(കുര്യാക്കോസ്,കർഷകൻ, കാവാലം)