
അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്ര ചാപ്റ്റർ എല്ലാ വർഷവും ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശക്തീകരണ മേഖലയിൽ നൽകി വരുന്ന സ്ത്രീ ശക്തി പുരസ്‌കാരത്തിന് ആലപ്പുഴ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫ. ഡോ. ആർ.ഇന്ദുലേഖ അർഹയായി. 15001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് 7 ന് വൈകിട്ട് 4 ന് ആലപ്പുഴ സിഡാം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് സമ്മാനിക്കുമെന്ന് സംഘടക സമിതി കൺവീനർ നസീർ സലാം, ചാപ്റ്റർ പ്രസിഡന്റ് സിറാജുദ്ദീൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. മാനേജ്മെന്റ് വിദഗ്ദ്ധ, അദ്ധ്യാപിക, സ്പോർട്സ് മാനേജ്മെന്റ് ഗവേഷക, എഴുത്തുകാരി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ദുലേഖ രചിച്ച 'ഒരു ഫുട്ബാൾ ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകം മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള 2018 ലെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അവാർഡ് നേടിയിട്ടുണ്ട്.