
ചെറിയ ഇനം കരിമീൻ പിടിക്കുന്നതിൽ നിയന്ത്രണം
ആലപ്പുഴ: ഒരു കരിമീൻ മപ്പാസ് കഴിച്ചുകളയാം എന്ന് തോന്നിയാൽ ഇനിയങ്ങോട്ട് തത്കാലം കൊതിയടക്കാം. നാവിൽ വെള്ളമൂറുന്ന കരിമീൻ മപ്പാസ് എന്ന വിഭവമൊരുക്കുവാൻ വേണ്ടത് ചെറിയ ഇനം കരിമീനാണ്. അത്തരം കരിമീൻ പിടിക്കുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. പൊതുജലാശങ്ങളിൽ നിന്ന് പിടിക്കാവുന്ന കരിമീനിന് കുറഞ്ഞത് 10 സെന്റി മീറ്റർ നീളം വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ വിജ്ഞാപനം.
വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയങ്കരമാണ് കേരളത്തിന്റെ സംസ്ഥാന മത്സ്യ ഇനമായ കരിമീൻ.
കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് 2010ലാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. മത്സ്യ ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
കരിമീനിന്റെ വായ് മുതൽ വാൽ വരെയുള്ള നീളമാണ് നോക്കുന്നത്. നിയന്ത്രണം ലംഘിച്ച് ചെറിയ മീനുകളെ പിടിക്കുന്നവർക്കെതിരെ പിഴ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി ആനുകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ ശിക്ഷാ നടപടികളെടുക്കും. ഇപ്പോൾ വിജ്ഞാപനം കരിമീനിന്റെ കാര്യത്തിൽ മാത്രമാണെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും കാര്യത്തിൽ ഉടൻ വിജ്ഞാപനം പുറത്തിറങ്ങുമത്രെ.
കുട്ടനാടൻ വിഭവങ്ങളിലെ പ്രമാണി
ആലപ്പുഴക്കാരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കരിമീൻ. ടൂറിസം മേഖലയിൽ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകർഷിക്കുന്നത് കരിമീൻവിഭവങ്ങളാണ്. കുട്ടനാടൻ വിഭവങ്ങളിൽ പ്രധാനി കരിമീനാണ്.
കരിമീൻ കുഞ്ഞുങ്ങളെ പിടിക്കുന്നവർ കുടുങ്ങും
പൊതുജലാശയങ്ങളിൽ നിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികൾ നിലവിലുണ്ട്. ജില്ലയിൽ ഹൗസ്ബോട്ടുകൾക്കും ഹോട്ടലുകളിലേക്കും കിലോകണക്കിന് കരിമീൻ ആവശ്യമാണ്. ചെറിയ കരിമീന് വലിയ വിപണി സാദ്ധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുന്ന സ്ഥിതിയാണ്. പ്രത്യുത്പാദന ക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.
..................
ഉത്പാദനം കുറവ്
ജില്ലയിൽ കരിമീൻ കൃഷിക്ക് അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കരിമീൻ ഉത്പാദനം വളരെ പിന്നിലാണ്. വർഷത്തിൽ 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നത്. കരിമീൻ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർക്കും സംസ്ഥാനത്തിനും മികച്ച സാമ്പത്തിക നേട്ടം കൊയ്യാനാകും. എന്നാൽ പ്രജനന സമയത്തുള്ള വേമ്പനാട്ടു കായലിലെ മീൻപിടിത്തം കരിമീൻ സമ്പത്ത് കുറയും. സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്ന ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല. വളർത്തുന്ന ചെലവിനത്തിൽ ഇത് വലിയ ലാഭമുണ്ടാക്കും.
...................
10000
വർഷം ആവശ്യമായ
കരിമീനിന്റെ അളവ്
10000 ടൺ
2000
കേരളത്തിൽ വർഷം ഉത്പാദിപ്പിക്കുന്നത്
2000 ടൺ
..............
ഹൃദയത്തെ കാക്കും, ഓർമ കുറക്കില്ല
* കരിമീന് മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്.
* ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കും
ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു
* സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്‌സ് രോഗസാദ്ധ്യത കുറയും
.......
 വിപണിമൂല്യം
മത്സ്യവിഭവങ്ങളിലെ താരമാണ് കരിമീൻ വിഭവങ്ങൾ. തനത് രുചികളിൽ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദ സഞ്ചാരരംഗത്തും ഹോട്ടൽ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട് മിക്കവാറും സ്വഭാവിക സ്രോതസുകളിൽ നിന്നാണ് ഇപ്പോൾ കരിമീൻ ശേഖരിക്കുന്നത്. അത് പലപ്പോഴും ആവശ്യത്തിനു തികയാറില്ല. ഇത്തരം മത്സ്യബന്ധനം പലപ്പോഴും കുഞ്ഞുങ്ങളുടെ നാശത്തിനും വഴിവയ്ക്കുന്നു. കരിമീനിനു സീസൺ വ്യത്യാസമില്ലാതെ നല്ല വില കിട്ടുന്നു. സീസണിൽ പലപ്പോഴും ആയിരം രൂപവരെ കിലോയ്ക്ക് വില വരാറുണ്ട്.
....
'' കരിമീനിന്റെ ഗുണമേന്മ ഉറപ്പുവരുത്തുവാനും വിപണനവും സംഭരണവും നിയന്ത്രിക്കുന്നതിനുമാണ് പുതിയ ഉത്തരവ്. അനധികൃതതമായി മത്സ്യബന്ധനത്തിലൂടെ കരിമീൻ വിത്ത് വിൽക്കുന്നതിനാൽ മത്സ്യത്തിന്റെ വംശനാശ ഭീഷണി ഉണ്ടാക്കുന്നു. കേരള മത്സ്യവിത്ത് ആക്ട് പ്രകാരം പൊതുജലാശയത്തിൽ നിന്നും ശേഖരിക്കാവുന്ന കരിമീനിന്റെ ഏറ്റവും കുറഞ്ഞ വലിപ്പം 100 മില്ലി മീറ്ററാണ്.
ലീന ഡെന്നീസ്, അക്വാകൾച്ചർ തുറവൂർ യൂണിറ്റ് ഓഫീസർ