
ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനങ്ങൾ എത്തിയില്ലെങ്കിലും അരൂർ മണ്ഡലം കൈപ്പിടിയിലൊതുക്കാൻ നേർക്കുനേർ എത്തുന്നത് പെൺപടയെന്ന് വ്യക്തം. സിറ്റിംഗ് സീറ്റ് മുറുകെപ്പിടിക്കാൻ യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും ജില്ലാ പഞ്ചായത്തിൽ നിന്നും നിയമസഭയിലേക്ക് കുതിക്കാൻ എൽ.ഡി.എഫിന്റെ ദലീമ ജോജോയുമാണ് കളത്തിലിറങ്ങുന്നത്. വരും ദിവസങ്ങളിൽ എൻ.ഡി.എ പട്ടിക കൂടി പുറത്തുവരുന്നതോടെ യഥാർത്ഥ ചിത്രം വ്യക്തമാകും.
സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരട്ടെ എന്ന തീരുമാനം വന്നതോടെയാണ് സ്വന്തം നാടായ അരൂർ ഡിവിഷനിൽ ജില്ലാ പഞ്ചായത്തംഗമായ ദലീമയ്ക്ക് നറുക്ക് വീണത്. അരൂർ ഡിവിഷനിൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് ഇപ്രാവശ്യം വീണ്ടും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കസേരയാണ് ദലീമയ്ക്ക് ലഭിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന സഹതാപ തരംഗം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് അനുകൂല ഘടകമായിരുന്നു. മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അരൂർ റോഡുകളുടെ ഉൾപ്പടെ വികസനത്തിൽ പിന്നാക്കമാണെന്ന വ്യാപക ആക്ഷേപവും വിജയത്തിന് കാരണമായി. സ്ഥാനാർത്ഥിത്വത്തിന് എതിരില്ലെന്ന് വ്യക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഷാനിമോൾ പ്രചരണ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.
പഞ്ചായത്തുകൾ:
അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, തുറവൂർ
മണ്ഡല ചിത്രം
ആലപ്പുഴയുടെയും കൊച്ചിയുടെയും അതിർത്തി പങ്കിടുന്ന മണ്ഡലം. ആകാശക്കാഴ്ച്ചയിൽ മൂന്ന് പാലങ്ങൾകൊണ്ട് കൊച്ചിയിൽ നിന്ന് കോർത്തിട്ട ഉപഗ്രഹം പോലെ തോന്നിക്കും. സമുദ്രോത്പന്ന കയറ്റുമതിയുടെയും ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രം കൂടിയാണ് അരൂർ. നിലവിൽ സമുദ്ര ഭക്ഷ്യസംസ്കരണ യൂണിറ്റുകളാണ് ഏറ്റവുമധികമുള്ളത്. ഇടതുകോട്ട എന്നറിയപ്പെടുന്ന മണ്ഡലം പലപ്പോഴും യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. ഈഴവ വോട്ടുകൾക്ക് പ്രാതിനിധ്യമുള്ള മണ്ഡലമാണ്. കൂടാതെ മുസ്ലീം, ലത്തീൻ കത്തോലിക്കാ വോട്ടുകളും മണ്ഡലത്തിൽ പ്രബലമാണ്. മത്സ്യ, കയർ, കർഷക, കക്കവാരൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നു. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ തവണ വിജയക്കൊടി പാറിച്ചത് എൽ.ഡി.എഫാണ്.
2019 ഉപതിരഞ്ഞെടുപ്പ് ഫലം
ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്) - 69,356
മനു.സി.പുളിക്കൽ (സി.പി.എം) - 67,277
പ്രകാശ് ബാബു (ബി.ജെ.പി) - 16,289
ഭൂരിപക്ഷം - 2079
2021 - ആകെ വോട്ടർമാർ - 196105
സ്ത്രീകൾ - 100382
പുരുഷന്മാർ - 95723
മുൻ വിജയികൾ
2016, 2011, 2006 - എ.എം.ആരിഫ് (സി.പി.എം)
2001, 1996 - കെ.ആർ.ഗൗരിയമ്മ (ജെ.എസ്.എസ് - യു.ഡി.എഫ്)
1991, 1987, 1982, 1980 - കെ.ആർ.ഗൗരിയമ്മ (സി.പി.എം)
1977 - പി.എസ്.ശ്രീനിവാസൻ ( സി.പി.ഐ)
1967 - കെ.ആർ.ഗൗരിയമ്മ (സി.പി.എം)
1960, 1957 - പി.എസ്.കാർത്തികേയൻ (ഐ.എൻ.സി)